എം.എല്‍.എ പണി ഇട്ടിട്ട് എം.പിയാകാന്‍ പോയവരുടെ മണ്ഡലങ്ങളിലെല്ലാം വോട്ടര്‍മാര്‍ തിരുഞ്ഞു കുത്തി, അരൂരും കോന്നിയും വട്ടിയൂര്‍ക്കാവും കൈവിട്ടതിങ്ങനെ ജനങ്ങളുടെ ഷോക്ക് ട്രീറ്റ് മെന്റില്‍ പകച്ച് മുന്നണികള്‍
കോഴിക്കോട്: ജനങ്ങള്‍ വോട്ടുചെയ്തു എം.എല്‍.എ ആക്കിയ വ്യക്തികള്‍ അപ്പണി ഇട്ടിട്ട് എം.പിയാവാന്‍ പോയാല്‍ എന്തു ചെയ്യണം. ? ഒരു ഷോക്ക് ട്രീറ്റ്‌മെന്റെങ്കിലും കൊടുക്കേണ്ടതില്ലേ. വേണം. ഇത്തവണ കേരളത്തിലെ വോട്ടര്‍മാര്‍ ആ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ച മണ്ഡലങ്ങളിലെല്ലാം ജനം നല്ലതുപോലെയാണ് തിരിഞ്ഞു കുത്തിയത്.
വട്ടിയൂര്‍ക്കാവും, കോന്നിയും അരൂരും അത് വ്യക്തമായി. എറണാകുളത്തും നല്ലതുപോലെ പ്രതിഫലിച്ചു. വോട്ടു നല്ലതുപോലെ കുറഞ്ഞെങ്കിലും യു.ഡി.എഫ് കഷ്ടിച്ച് കരകയറി. അതുകൊണ്ടുതന്നെ ഇനി ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുന്നണികള്‍ ഒരുങ്ങുകയില്ലെന്ന സൂചനകൂടിയാണ് ഈ ഉപ തിരഞ്ഞെടുപ്പ് നല്‍കിയ പാഠം.
ഉറച്ച മണ്ഡലങ്ങളില്‍ ആരെ നിര്‍ത്തിയാലും തിരിച്ചുപിടിക്കാമെന്ന മുന്നണികളുടെ അഹങ്കാരത്തിനുനേര്‍ക്കുകൂടിയാണ് ജനം തിരിഞ്ഞു കൊത്തിയത്.
എം.എല്‍.എ ആയ ഒരാള്‍ രാജിവെച്ചു എം.പി ആകാന്‍ പോയാല്‍ അയാളെ അയോഗ്യനാക്കാന്‍ കേസ് കൊടുത്തുകൂടെ. ഉപതെരഞ്ഞെടുപ്പ് ചെലവ് അയാളില്‍ നിന്ന് ഈടാക്കാന്‍ വിധിക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നൊക്കെയാണ് തനിക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ലഭിച്ച മെസേജ് എന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ തന്റെ അനുഭവം വാട്‌സാപ്പില്‍ പങ്കുവച്ചത്. ഇതിന് മറുപടിയായി മറ്റൊരാളിട്ട കുറിപ്പ് ഇങ്ങനെ.
ഏത് ജനപ്രതിനിധിക്കും മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം നല്‍കുകയാണ് കൂടുതല്‍ ജനാധിപത്യപരം. എന്നാല്‍ മുന്‍ പദവി രാജി വെച്ചിട്ടേ അത് അനുവദിക്കാവൂ. അപ്പോള്‍ മോഹം താനേ കെട്ടടങ്ങിക്കൊള്ളും.
സ്ഥാനാര്‍ഥി വോട്ട് ചോദിച്ചു വരുമ്പോള്‍ അഞ്ചു കൊല്ലത്തേക്ക് മണ്ഡലം ഉപേക്ഷിച്ചു മറ്റു അവസരങ്ങള്‍ തേടി പോകില്ലെന്ന ഉറപ്പു വോട്ടര്‍മാര്‍ എഴുതി വാങ്ങണമെന്നും മറ്റൊരാള്‍ അഭിപ്രായം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിലൂടെ ഉത്തരവാദിത്വമേല്‍ക്കുന്ന ഒരു ജനപ്രതിനിധി (ഏത് സ്ഥാനവും ആകട്ടെ) കാലാവധി പൂര്‍ത്തിയാക്കാതെ ഉത്തരവാദിത്വമൊഴിഞ്ഞ് മറ്റൊരു സ്ഥാനത്തേക്ക് പോയാല്‍ അതുമൂലമുണ്ടാവുന്ന അധികച്ചെലവ് അദ്ദേഹത്തില്‍ നിന്നോ പ്രസ്ഥാനത്തില്‍ നിന്നോ ഈടാക്കാനുള്ള നിയമമുണ്ടാകണമെന്ന ആവശ്യത്തിനുതന്നെയാണ് കൂടുതല്‍ പ്രാമുഖ്യവും ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."