മദീനയിലെ ബസ് അപകടം: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
റിയാദ്: ഉംറ ബസ് അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ മംഗലംകുന്ന് അണ്ടത്തോട് പാപ്പാളി പരേതനായ പടിഞ്ഞാറയില്‍ സൈതാലിയുടെ മകന് അബൂബക്കര്‍ ആണ് ത്വായിഫ് ആശുപത്രിയില്‍ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ നിന്നും പുറപ്പെട്ട ഉംറ സംഘത്തിന്റെ ബസ് വൈകിട്ട് തായിഫ്-റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപം അപകടത്തില്‍ പെട്ടത്. ദമാമില്‍ നിന്ന് പുറപ്പെട്ട സംഘം ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞു ദമാമിലേക്കുള്ള മധ്യേ ബസിനു ചെറിയ തകരാര്‍ കണ്ടപ്പോള്‍ അത് പരിഹരിക്കാനായി റോഡരുകില്‍ നിര്‍ത്തിയ വേളയില്‍ പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ട്രെയ്ലര് പൂര്‍ണമായും തകര്‍ന്നു. ട്രെയിലര്‍ ഡ്രൈവര്‍ പാകിസ്ഥാന് സ്വദേശി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.
മരണപ്പെട്ട സൈതാലി അടുത്തിടെയാണ് പുതിയ വിസയില്‍ സഊദിയിലെത്തിയത്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം ഇവിടെയുള്ള സഹോദരി ഭര്‍ത്താവ് പുതിയ വിസയില്‍ കൊണ്ട് വരികയായിരുന്നു. ഇഖാമ ലഭിച്ച ശേഷം ആദ്യം ഒരു വിശുദ്ധ ഉംറ കഴിഞ്ഞിട്ടാവാം പുതിയ ജോലിയില്‍ പ്രവേശിക്കുന്നതെന്ന കരുതിയാണ് ദമാമില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി സംഘത്തോടൊപ്പം യാത്ര തിരിച്ചത്. നസീമയാണ് ഭാര്യ. നഈമ, ഹിസാന, ഫാഥ്വിമ എന്നിവര്‍ മക്കളാണ്. ദമാമിലുള്ള സഹോദരിയും സഹോദരി ഭര്‍ത്താവും തായിഫിലെത്തി നടപടിക്രമങ്ങള്‍ ചെയ്തു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."