കുപ്പത്ത് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അഞ്ചു പേര്‍ക്ക് പരുക്ക്
തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാതയിലെ കുപ്പം വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്നു മാനന്തവാടിയിലേക്ക് പോകുന്ന പ്രതാപ് ബസാണ് അപകടത്തില്‍പെട്ടത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അമിതവേഗതയില്‍ വളവുകയറിവന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍ഭാഗത്തെ കലുങ്കിന് സമീപത്തേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവര്‍ക്ക് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സ നല്കി. തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി. ഈ വളവില്‍ രണ്ടു മാസത്തിനിടയില്‍ പതിനാറാമത്തെ അപകടമാണിത്. അപകടം നടന്ന വളവിലെ കലുങ്ക് മെയിന്‍ സ്ലാബില്‍ നിന്നും വേര്‍പെട്ട് അപകടാവസ്ഥയിലായ വാര്‍ത്ത 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതിനു ശേഷം ഹമ്പുകളും ഡിവൈഡറുകളും സ്ഥാപിച്ചിരുന്നു. കാലക്രമേണ ഇവ നശിച്ചുപോവുകയും പിന്നീട് പുനഃസ്ഥാപിക്കാതിരുന്നതോടെ അപകടങ്ങളും പതിവായി. അപകട വളവ് വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ വളവില്‍ മാത്രം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ നടന്ന അപകടങ്ങളില്‍ എട്ടു മനുഷ്യ ജീവനാണ് പൊലിഞ്ഞത്. ചിറവക്ക് മുതല്‍ പരിയാരം വരെയുള്ള കൊടും വളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെടാനുമായി ജനകീയ കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."