ശ്രീനഗറില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ ജനം അടിച്ചുകൊന്നു
ശ്രീനഗര്‍: ജമ്മു കശ്മിര്‍ തലസ്ഥാനം ശ്രീനഗറില്‍ പള്ളിക്കു പുറത്ത് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ശ്രീനഗറിലെ നൗഹട്ട ബട്ടാ ചൗക്ക് ജാമിഅ മസ്ജിദിനു പരിസരത്തായിരുന്നു സംഭവം.
ജമ്മു കശ്മിര്‍ പൊലിസില്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായ മുഹമ്മദ് അയ്യൂബ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ നിസ്‌കാരത്തിനായി എത്തിയ വിശ്വാസികളെ പരിശോധിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഈ സമയത്ത് സര്‍വിസ് നിയന്ത്രണത്തിന്റെ ഭാഗമായി അയ്യൂബ് യൂനിഫോം ധരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പുറത്തു നിന്നെത്തിയ ഒരു സംഘം പൊലിസ് ഐ.ഡി ആവശ്യപ്പെട്ടു. പിന്നീട് ബഹളം വച്ച അക്രമികള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യുകയായിരുന്നു. അയ്യൂബ് അക്രമികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് കയര്‍ത്തതോടെ സംഘം അയ്യൂബിനെ പിടിച്ച് കൊണ്ടുപോയി അടിച്ചുകൊല്ലുകയായിരുന്നു.
അക്രമികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ പൊലിസുകാരന്‍ കൈയിലുണ്ടായിരുന്ന തോക്കില്‍നിന്ന് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പ്പില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ അക്രമികള്‍ക്കൊപ്പം ചേരുകയായിരുന്നു. ഇതോടെ അയ്യൂബിന്റെ കൂടെയുണ്ടായിരുന്ന മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നഗ്നനാക്കിയ ശേഷമാണ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തിയത്. പരിസരത്തെ പൊലിസ് പിക്കറ്റുകള്‍ നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകുയും ചെയ്തിട്ടുണ്ട്.
ജമ്മു കശ്മിരിലെ നൗപോറ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അയ്യൂബ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സംഭവം ഇന്നലെ രാവിലെയാണ് പൊലിസ് സ്ഥിരീകരിച്ചത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദക്ഷിണ കശ്മിരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച പൊലിസ് നടപടിയില്‍ നാട്ടുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മീര്‍വായിസ് ഉമര്‍ അബ്ദുല്ല തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു. മഹ്ബൂബ മുഫ്തി അയ്യൂബിന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."