കോണ്‍ഗ്രസ് ഇനിയും ഒരുപാടു വിയര്‍ക്കണം
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സകല പ്രവചനങ്ങളും കാറ്റില്‍പ്പറത്തിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കൈവരിച്ചിരിക്കുന്നത്. മൂന്നു സീറ്റില്‍ ഒതുങ്ങുമെന്നു ദേശീയ മാധ്യമങ്ങള്‍ പ്രവചിച്ച കോണ്‍ഗ്രസ് 90 അംഗ നിയമസഭയില്‍ 31 സീറ്റ് നേടി. സീറ്റുകള്‍ തൂത്തുവാരുമെന്നു മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ബി.ജെ.പിക്കു കിട്ടിയത് 40 സീറ്റ്. ബാക്കിയുള്ള സീറ്റുകള്‍ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയും സ്വതന്ത്രരുമായിരിക്കും ആ സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുക.
മഹാരാഷ്ട്രയിലും ബി.ജെപി- ശിവസേന സഖ്യത്തിനു വന്‍മുന്നേറ്റവും കോണ്‍ഗ്രസും എന്‍.സി.പിയുമുള്‍പ്പെടുന്ന യു.പി.എയ്ക്കു കനത്ത തിരിച്ചടിയുമാണു ദേശീയമാധ്യമങ്ങള്‍ പ്രവചിച്ചിരുന്നത്. ബി.ജെ.പി- ശിവസേന സഖ്യം കേവലഭൂരിപക്ഷം നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും നൂറോളം സീറ്റുകള്‍ നേടിയ യു.പി.എ കരുത്തുറ്റ പ്രതിപക്ഷമായി നിലകൊള്ളുന്നു.
രണ്ടിടങ്ങളിലും ഭരണപക്ഷമായ എന്‍.ഡി.എയ്ക്കു വലിയ വോട്ടുചോര്‍ച്ചയുണ്ടായപ്പോള്‍ സംഘടനാപരമായി തീര്‍ത്തും ക്ഷീണിച്ച അവസ്ഥയിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. അടുത്തകാലത്തു കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നുമായി മുതിര്‍ന്ന നേതാക്കള്‍ പലരും ബി.ജെ.പിക്കൊപ്പം ചേര്‍ന്നതിനാല്‍ സംഘടനാതലത്തില്‍ വലിയ പ്രതിസന്ധിയിലായിരുന്നു ഇരുപാര്‍ട്ടികളും. മുന്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ഹരിയാനയില്‍ പാര്‍ട്ടിക്കുണ്ടായ നേട്ടത്തിന് ഏറെ തിളക്കമുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളാണ് ഇവയെന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഈ നേട്ടത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.
സംഘ്പരിവാര്‍ അധികാരം കൈയാളുന്ന സംസ്ഥാനങ്ങളില്‍ കടുത്ത ദുരിതമാണു ജനങ്ങള്‍ അനുഭവിക്കുന്നത്. നിത്യജീവിതത്തിലെ കഷ്ടപ്പാടുകളും പൗരാവകാശ നിഷേധങ്ങളും ആള്‍ക്കൂട്ടക്കൊലകളും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളുമൊക്കെയായി ദുരിതപ്പട്ടിക നീളുന്നു. കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് അതിന്റെയൊക്കെ കടുപ്പം വര്‍ധിച്ചിട്ടുമുണ്ട്. അതു ജനങ്ങളില്‍ സൃഷ്ടിച്ച ഭരണവിരുദ്ധ വികാരം രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രകടമാണ്. അതിനു ബദലെന്ന നിലയിലാണു വലിയൊരു വിഭാഗമാളുകള്‍ കോണ്‍ഗ്രസിനെ കണ്ടത്.
എന്നാല്‍ ഈ ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം വോട്ടാക്കി മാറ്റാനുള്ള പ്രാപ്തിയില്ലാത്ത അവസ്ഥയിലാണു കോണ്‍ഗ്രസ്. പാര്‍ട്ടിയെ ഒരുമിച്ചുനിര്‍ത്തി നയിക്കാന്‍ ശേഷിയുള്ള നേതാക്കളോ അതിനുതകുന്ന സംഘടനാ സംവിധാനമോ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനില്ല.
അധികാരം കൊടുത്താല്‍ പോലും കൊണ്ടുനടക്കാനാവാത്ത അവസ്ഥയിലും വലിയൊരു വിഭാഗം ജനങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്നതാണ് സത്യം. അത് ഉപയോഗപ്പെടുത്താനാവുന്ന തലത്തിലേയ്ക്ക് ഉയരണമെങ്കില്‍ കോണ്‍ഗ്രസ് ഇനിയും ഒരുപാട് വിയര്‍ക്കേണ്ടതുണ്ട്.
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അവസ്ഥ ഇതാണെങ്കില്‍ അവിടങ്ങളേക്കാള്‍ അനുകൂലമായ സാഹചര്യമുള്ള കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നേറണമെങ്കില്‍ അതിന്റെ ഇരട്ടിയെങ്കിലും വിയര്‍ക്കേണ്ടി വരുമെന്നാണ് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന.
ഫലങ്ങള്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണിക്കു വലിയതോതില്‍ ആത്മവിശ്വാസം പകരുമ്പോള്‍ പ്രതിപക്ഷത്തുള്ള യു.ഡി.എഫിന്, പ്രത്യേകിച്ചു മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനു ശക്തമായ താക്കീതു നല്‍കുന്നതുമാണ്.
അഞ്ചില്‍ നാലും കൈവശം വച്ചിരുന്ന യു.ഡി.എഫ് മൂന്നു സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഒന്നു മാത്രമുണ്ടായിരുന്ന എല്‍.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെയാണ് രണ്ടു സീറ്റുകളില്‍ വിജയിച്ചത്. ഇതു രണ്ടും മറുപക്ഷത്തു നിന്നു പിടിച്ചെടുക്കുകയായിരുന്നു. ആ നഷ്ടത്തിനിടയിലും അരൂര്‍ എല്‍.ഡി.എഫില്‍ നിന്നു പിടിച്ചെടുക്കാനായതാണു യു.ഡി.എഫിനു നേരിയ ആശ്വാസം പകരുന്നത്, രണ്ടെണ്ണം നിലനിര്‍ത്താനുമായി.
സംസ്ഥാന സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്നൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞ് അങ്കത്തിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും വളരെയധികം അഭിമാനം പകരുന്നതാണ് ഈ വിധിയെഴുത്ത്. പ്രതിപക്ഷാക്രമണങ്ങളുടെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി നടത്തിയ പോരിലുണ്ടായ ഗണ്യമായ ഈ വിജയം തിളക്കമാര്‍ന്നതും അഭിനന്ദനാര്‍ഹവും തന്നെയാണ്.
ആറു മാസം മുമ്പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ അതിശക്തമായ തിരിച്ചടി നല്‍കിയ വീഴ്ചയില്‍ ഉടനടി പിടഞ്ഞെഴുന്നേറ്റ് അതിനെ മറികടക്കാന്‍ സംഘടനാതലത്തില്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നു എന്ന സൂചന ഈ തെരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തെ വൈകാരിക സാഹചര്യം ഇല്ലാതിരുന്നതും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനായതുമൊക്കെ ഇടതുമുന്നണിക്ക് തുണയായി.
എന്നാല്‍, മറുപക്ഷത്തു കോണ്‍ഗ്രസിന്റെ സ്ഥിതി ഇതായിരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരിലും ഗ്രൂപ്പിന്റെ പേരിലുമൊക്കെ തമ്മിലടി തുടരുകയായിരുന്നു കോണ്‍ഗ്രസില്‍. നാലു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ പേരിലുള്ള ഭിന്നത പരസ്യപ്രസ്താവനകളായി പുറത്തുവന്നു. ഈ ഭിന്നിപ്പു വലിയ നഷ്ടം പാര്‍ട്ടിക്കുണ്ടാക്കിയതായി രണ്ടു മണ്ഡലങ്ങളിലെ തോല്‍വിയും എറണാകുളത്ത് താരതമ്യേന ഏറെ കുറഞ്ഞ ഭൂരിപക്ഷത്തിനുണ്ടായ വിജയവും വ്യക്തമാക്കുന്നു.
അതേസമയം, യു.ഡി.എഫിന് മഞ്ചേശ്വരത്തുണ്ടായ ഏറെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ മുസ്‌ലിം ലീഗിന്റെ സംഘടനാ കെട്ടുറപ്പും പ്രവര്‍ത്തകരുടെ ഐക്യവുമാണെന്നു കാണാം. പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ നടന്ന ചിട്ടയായ പ്രകടനം ലീഗ് സ്ഥാനാര്‍ഥിയെ വന്‍വിജയത്തിലെത്തിക്കുകയായിരുന്നു. 2016ല്‍ വെറും 89 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി കടന്നുകൂടിയ ഈ മണ്ഡലത്തില്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തിനാണ് അവരുടെ സ്ഥാനാര്‍ഥി വിജയം നേടിയത്.
അതുപോലെ കോണ്‍ഗ്രസ് താരതമ്യേന ചിട്ടയോടെ പ്രവര്‍ത്തിച്ച അരൂരില്‍ ഇടതുമുന്നണിയുടെ സീറ്റ് നേരിയ ഭൂരിപക്ഷത്തിനെങ്കിലും പിടിച്ചെടുക്കാനുമായി.
ഐക്യവും ചിട്ടയായ പ്രവര്‍ത്തനവുമുണ്ടങ്കില്‍ യു.ഡി.എഫിന് മികച്ച നേട്ടമുണ്ടാക്കാനാവുമെന്നു തന്നെയാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ആ തലത്തിലേയ്ക്ക് ഉയരാന്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് കഠിനാധ്വാനം തന്നെ ചെയ്യേണ്ടി വരും.
ഇതിനൊക്കെ പുറമെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് സംസ്ഥാനത്ത് വലിയ തോതില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വ്യക്തമായ സൂചനയും ഈ തെരഞ്ഞെടുപ്പ് നല്‍കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്ന വട്ടിയൂര്‍ക്കാവില്‍ വന്‍ തോതില്‍ വോട്ടു കുറഞ്ഞ് പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. വലിയ മുന്നേറ്റം പ്രതീക്ഷിച്ച കോന്നിയിലും കനത്ത തിരിച്ചടി നേരിട്ടു.
മഞ്ചേശ്വരത്ത് നേരത്തെ ഉണ്ടായിരുന്ന രണ്ടാം സ്ഥാനം നിലനിര്‍ത്താനായെങ്കിലും വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായി. ഇടക്കാലത്ത് വര്‍ഗീയ വിദ്വേഷവും മോദി പ്രഭാവവും പ്രചരിപ്പിച്ച് ബി.ജെ.പിക്കുണ്ടാക്കാനായ ചെറിയ മുന്നേറ്റം ഇനി നിലനിര്‍ത്തുക പ്രയാസമാണെന്ന സുവ്യക്തമായ രഷ്ട്രീയസൂചന തന്നെയാണ് ഈ ഫലങ്ങള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."