ഇത്തവണ തോറ്റപ്പോള്‍ സി.പി.എമ്മിന് ബോധോദയം
കൊച്ചി: പരമ്പരാഗത യു.ഡി.എഫ് കോട്ട എന്ന കാരണത്താല്‍ ഇടതുമുന്നണി സ്ഥിരമായി എറണാകുളത്തെ തള്ളിക്കളയാറാണ് പതിവ്. എന്നാല്‍, ഇക്കുറി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എറണാകുളത്ത് അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും. ഒന്ന് ആഞ്ഞുപിടിച്ചിരുന്നുവെങ്കില്‍ ഇക്കുറി എറണാകുളം മണ്ഡലത്തില്‍ ചിത്രം മാറുമായിരുന്നു എന്ന ചര്‍ച്ച ഇതിനകം ചൂടുപിടിച്ചുകഴിഞ്ഞു.
എറണാകുളം നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍തന്നെ രണ്ട് പ്രാവശ്യമാണ് ഇടതുമുന്നണി ജയിച്ചിട്ടുള്ളത്. 1987ല്‍ പ്രൊഫ. എം.കെ സാനുവും 1998ല്‍ ഡോ. സെബാസ്റ്റ്യന്‍ പോളും. എന്നാല്‍, കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി എറണാകുളത്ത് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന തരത്തിലാണ് ചര്‍ച്ച ഉയരുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ ലോക്‌സഭാ ഫലം പുറത്തുവന്നപ്പോള്‍തന്നെ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായതാണ്. എന്നാല്‍, അഞ്ചുമാസത്തിനുശേഷം ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചപ്പോള്‍പോലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സി.പി.എം ഇരുട്ടില്‍തപ്പുകയായിരുന്നു.
പല പേരുകള്‍ ചര്‍ച്ച ചെയ്തതിനുശേഷമാണ്, രാഷ്ട്രീയത്തില്‍ തികച്ചും പുതുമുഖമായ മനു റോയിയുടെ പേര് ഉയര്‍ന്നുവന്നതുതന്നെ. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്നതിനു തന്നെ പ്രവര്‍ത്തകര്‍ക്ക് ഏറെ പാടുപെടേണ്ടിയും വന്നു.
പ്രചാരണത്തിന്റെ അവസാനഘട്ടംവരെ ഇടതുമുന്നണി തികച്ചും പ്രതീക്ഷ കൈവിട്ട മട്ടുമായിരുന്നു. എന്നാല്‍ വോട്ടെടുപ്പു ദിവസം എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് ഇടതുമുന്നണിയില്‍ പ്രതീക്ഷ ഉയര്‍ത്തി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് നഗരഭരണത്തിന് എതിരായ ജനരോഷം ഡെപ്യൂട്ടി മേയര്‍ കൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിരെ തിരിയുമെന്നും അതു തങ്ങള്‍ക്ക് ഗുണകരമായി മാറുമെന്നുമായിരുന്നു പ്രതീക്ഷ.
എറണാകുളം മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനവുമായി വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പ്രതീക്ഷ വാനോളമുയരുകയും ചെയ്തു. തങ്ങളുടെ ഉറച്ചവോട്ടുകളെല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്നും കനത്ത മഴയും വെള്ളക്കെട്ടും മൂലം ബൂത്തുകളിലെത്താതെ പോയത് യു.ഡി.എഫ് വോട്ടര്‍മാരാണ് എന്നുമായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷ നിരാശയായി മാറിയെന്ന് മാത്രമല്ല, നേതൃത്വത്തിന്റെ ദൗര്‍ബല്യത്തിനെതിരെ അണികള്‍ വിരല്‍ചൂണ്ടാനും തുടങ്ങി.
ഇക്കുറി ഇടത് സ്വതന്ത്രനായ മനു റോയിയുടെ ചിഹ്നം ഓട്ടോറിക്ഷ ആയിരുന്നു. ഇതിന് പകരം പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ഥിയാണ് മത്സരിച്ചിരുന്നതെങ്കില്‍ വിജയിക്കുമായിരുന്നു എന്നാണ് ചര്‍ച്ച. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. അനില്‍ കുമാര്‍ 35870 വോട്ട് പിടിച്ചപ്പോള്‍ ഇക്കുറി മനുറോയി പിടിച്ചത് 33843 വോട്ടാണ്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 21949 വോട്ടില്‍നിന്ന് 3673 വോട്ടായി കുറക്കാന്‍ കഴിഞ്ഞതും മനുറോയിയുടെ അപരന്‍ എന്ന് ആരോപിക്കപ്പെടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കെ.എം മനു 2544 വോട്ട് പിടിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് നേതൃത്വം ന്യായികരിച്ച് നില്‍ക്കുന്നത്, പല വോട്ടര്‍മാര്‍ക്കും മനു എന്ന പേരുകള്‍ തമ്മില്‍ മാറിപ്പോയതും പ്രായമായവര്‍ക്ക് മനു റോയിയുടെ ചിഹ്നമായ ഓട്ടോറിക്ഷയും കെ.എം മനുവിന്റെ ചിഹ്നമായ ടെലിവിഷനും തമ്മില്‍ മാറിപ്പോയതുമൊക്കെ അവര്‍ പരാജയത്തിന് ന്യായീകരണമായി ഉന്നയിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."