ചാംപ്യന്‍സ്‌ലീഗ്: ചെല്‍സി, ബാഴ്‌സ, ലിവര്‍പൂള്‍ ജയിച്ചു
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ്‌ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും ലിവര്‍പൂളിനും ബാഴ്‌സലോണക്കും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഡച്ചിന്റെ യുവനിരയായ അയാക്‌സിനെയാണ് ചെല്‍സി തകര്‍ത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം.
86-ാം മിനുട്ടില്‍ ബെല്‍ജിയം താരം മിച്ചി ബാദുഷായി ആയിരുന്നു ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എച്ചില്‍ പോരാട്ടം ശക്തമായി. ചെല്‍സിക്കും അയാക്‌സിനും ഇപ്പോള്‍ ആറ് പോയിന്റ് വീതമാണുള്ളത്.
മൂന്നാം സ്ഥാനത്തുള്ള വലന്‍സിയക്ക് നാലു പോയിന്റുമുണ്ട്. അതിനാല്‍ മൂന്ന് ടീമുകള്‍ക്കും അടുത്ത മത്സരം നിര്‍ണായകമാകും. മത്സരത്തില്‍ അയാക്‌സിനായിരുന്നു മേല്‍ക്കൈ എങ്കിലും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ലെപ്‌സിഗ് 2 - 1 സെനിത്
താരതമ്യേന ശക്തി കുറഞ്ഞ ജി ഗ്രൂപ്പില്‍ ലെപ്‌സിഗിനായിരുന്നു ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ലെപ്‌സിഗ് സെനിത്തിനെയാണ് തകര്‍ത്തത്. ഇതോടെ ആറു പോയിന്റുമായി ലെപ്‌സിഗ് ഗ്രൂപ്പില്‍ ഒന്നാമതെത്തി.
രണ്ടാം സ്ഥാനത്തുള്ള സെനിത്തിനും മൂന്നാം സ്ഥാനത്തുള്ള ലിയോണിനും നാല് പോയിന്റ് വീതമാണുള്ളത്. നാലാം സ്ഥാനത്തുള്ള ബെന്‍ഫിക്കക് മൂന്ന് പോയിന്റുമുണ്ട്. അതിനാല്‍ ജി ഗ്രൂപ്പില്‍ നിന്ന് ആര് പ്രീ ക്വാര്‍ട്ടറിലെത്തുമെന്ന കാര്യം പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ബാഴ്‌സലോണ 2 - 1
സ്‌ലാവിയ പ്രാഹ
സ്‌ലാവിയ പ്രാഹയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജയം കണ്ടെത്താന്‍ ബാഴ്‌സക്ക് അല്‍പം അധ്വാനിക്കേണ്ടി വന്നു. മൂന്നാം മിനുട്ടില്‍ തന്നെ മെസ്സിയിലൂടെ ബാഴ്‌സ ഗോള്‍ കണ്ടെത്തിയെങ്കിലും സ്‌ലാവിയ ഇടക്കിടെ ബാഴ്‌സയെ ഞെട്ടിച്ച് കൊണ്ടിരുന്നു. ഗോള്‍ തിരിച്ചടിക്കാനുള്ള ശക്തമായ പോരാട്ടത്തിനൊടുവില്‍ 50-ാം മിനുട്ടില്‍ യാന്‍ ബോറില്‍ സ്‌ലാവിയയുടെ സമനില ഗോള്‍ നേടി. 57-ാം മിനുട്ടില്‍ പിറന്ന സെല്‍ഫ് ഗോളിന്റെ കരുത്തിലായിരുന്നു ബാഴ്‌സ ജയം സ്വന്തമാക്കിയത്. ജയത്തോടെ ഏഴ് പോയിന്റുമായി ബാഴ്‌സ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട സ്‌ലാവിയ പട്ടികയില്‍ അവസാന സ്ഥാനത്താണുള്ളത്.
നാപോളി 3 - 2 റെഡ്ബുള്‍
ഹാളണ്ടിന്റെ ഇരട്ട ഗോളിനും റെഡ്ബുള്ളിനെ രക്ഷിക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ ഹാളണ്ട് ഇന്നലെയും മികച്ച പ്രകടനം പുറത്തെടുത്തു. നാപോളിയോട് 3-2 എന്ന സ്‌കോറിനാണ് റെഡ്ബുള്‍ പരാജയപ്പെട്ടത്. 17, 64 മിനുട്ടുകളില്‍ നാപോളി താരം ഡെറിസ് മാര്‍ട്ടിനസ് ഇരട്ട ഗോള്‍ സ്വന്തമാക്കി. 73-ാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സിഗ്നെയും നാപോളിക്കായി ഗോള്‍ നേടി. 40, 72 മിനുട്ടുകളിലായിരുന്നു റെഡ്ബുള്ളിന്റെ ഗോളുകള്‍ പിറന്നത്. ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്റുമായി നാപോളിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുമായി റെഡ്ബുള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
ജെങ്ക് 1 - 4 ലിവര്‍പൂള്‍
ഗ്രൂപ്പ് എഫില്‍ മികച്ച മാര്‍ജിനില്‍ ജയം സ്വന്തമാക്കിയാണ് ലിവര്‍പൂള്‍ ഇന്നലെ കളംവിട്ടത്. 4-1 എന്ന സ്‌കോറിനായിരുന്നു ലിവര്‍പൂള്‍ ബെല്‍ജിയം ക്ലബായ ജങ്കിനെ തകര്‍ത്തത്. 2, 57 മിനുട്ടുകളില്‍ ചേംബര്‍ലിന്‍ ലിവര്‍പൂളിന് വേണ്ടി ഇരട്ട ഗോള്‍ കണ്ടെത്തി. സാദിയോ മാനേ, മുഹമ്മദ് സലാഹ് എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. 88-ാം മിനുട്ടില്‍ സ്റ്റീഫന്‍ ഒഡിയുടെ വകയായിരുന്നു ജെങ്കിന്റെ ആശ്വാസ ഗോള്‍ പിറന്നത്. ജയിച്ചെങ്കിലും ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഗ്രൂപ്പ് ഇയില്‍നിന്ന് നാപോളിയും ലിവര്‍പൂളുമാണ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷിക്കുന്ന ടീമുകള്‍.
ഇന്റര്‍മിലാന്‍ 2 - 0 ഡോര്‍ട്മുണ്ട്
ശക്തമായ മത്സരം നടക്കുന്ന ഗ്രൂപ്പ് എഫില്‍ ഇന്റര്‍മിലാന് രണ്ട് ഗോള്‍ ജയം. ജര്‍മന്‍ ശക്തരായ ബെറൂസിയ ഡോര്‍ട്മുണ്ടിനെയാണ് ഇന്റര്‍മിലാന്‍ തകര്‍ത്തുവിട്ടത്. 22-ാം മിനുട്ടില്‍ അര്‍ജന്റീനന്‍ താരം മാര്‍ട്ടിനസ്, 89-ാം മിനുട്ടില്‍ കാര്‍ഡേവ എന്നിവരാണ് ഇന്ററിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ ഇന്റര്‍മിലാന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ഏഴ് പോയിന്റുമായി ബാഴ്‌സലോണയാണ് ഈ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഡോര്‍ട്മുണ്ടിനും ഇന്ററിന്റെ അതേ പോയിന്റാണുള്ളത്. അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇന്ററും ഡോര്‍ട്മുണ്ടുമായിരിക്കും പൊരുതുക. ബാഴ്‌സ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഇന്ററും ഡോര്‍ട്മുണ്ടും തിരിച്ചുവന്നാല്‍ ഒരു പക്ഷെ ബാഴ്‌സയുടെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും.
ലില്ലെ 1 - 1 വലന്‍സിയ
ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ലില്ലെയും വലന്‍സിയയും ഓരോ ഗോള്‍ വീതം നേടി മത്സരം അവസാനിപ്പിച്ചു. ഗ്രൂപ്പ് എച്ചില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് വലന്‍സിയയും ലില്ലെയും. വലന്‍സിയക്ക് നാല് പോയിന്റും ലില്ലെക്ക് ഒരു പോയിന്റുമാണുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ ജയം കണ്ടെത്തുകയാണെങ്കില്‍ ഒരു പക്ഷെ വലന്‍സിയക്ക് പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം കാണാനാകും. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്കും രണ്ടാം സ്ഥാനത്തുള്ള അയാക്‌സിനും ആറു പോയിന്റാണുള്ളത്.
ബെന്‍ഫിക്ക 2 - 1 ലിയോണ്‍
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ബെന്‍ഫിക്ക ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ലിയോണിനെ തോല്‍പ്പിച്ചു. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ ലിയോണ്‍ മൂന്നാം സ്ഥാനത്തും ബെന്‍ഫിക്ക നാലാം സ്ഥാനത്തുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സെനിത്തിനും ലിയോണിനും നാല് പോയിന്റും നാലാം സ്ഥാനത്തുള്ള ബെന്‍ഫിക്കക്ക് മൂന്ന് പോയിന്റുമാണുള്ളത്. അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചുവന്നാല്‍ ഒരു പക്ഷെ ഈ ഗ്രൂപ്പിലെ ചിത്രങ്ങള്‍ മാറി മറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."