റിലയന്‍സ് ഓഹരികള്‍ സഊദി അരാംകോ വാങ്ങുന്നു; ഇടപാടുകള്‍ 2021 ല്‍ പൂര്‍ത്തിയാക്കും
റിയാദ്: ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലെ റിഫൈനറി, പെട്രോകെമിക്കല്‍സ് മേഖലയുടെ ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച് നടപടികള്‍ 2021 ഓടെ പൂര്‍ത്തിയാകുമെന്ന് സഊദി അരാംകോ. ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക കമ്പനികളിലൊന്നായ സഊദി അരാംകോ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ഖുദൈമിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ എണ്ണകമ്പനികളിലെ പ്രധാന കമ്പനിയായ റിയലന്‍സുമായുള്ള സഊദി അരാംകോ ഇടപാട് സാമ്പത്തിക രംഗത്ത് ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ സഊദി അരാംകോ എണ്ണ സംസ്‌കരണ ശേഷി പ്രതിദിനം എണ്‍പത് ലക്ഷം ബാരലായി ഉയരുമെന്നും ഇന്ത്യയും ചൈനയും പോലെ എണ്ണയാവശ്യത്തില്‍ അതിവേഗ വളര്‍ച്ചയുള്ള വിപണികളില്‍ നിര്‍മാണം പൂര്‍ത്തിയാവുകയോ നിര്‍മാണ ഘട്ടത്തിലുള്ളതോ ആയ റിഫൈനറി, പെട്രോകെമിക്കല്‍സ് പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനാണ് സഊദി ആഗ്രഹിക്കുന്നതെന്നും അല്‍ഖുദൈമി പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലെ റിഫൈനറി, പെട്രോകെമിക്കല്‍സ് മേഖലയുടെ 20 ശതമാനം ഓഹരികള്‍ സഊദി അരാംകോ വാങ്ങുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഏകദേശം 15 ബില്യണ്‍ ഡോളര്‍ വരുന്ന റിലയന്‍സ് പെട്രോ കെമിക്കല്‍സിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുമെന്നായിരുന്നു വാര്‍ത്തകളെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
എന്നാല്‍, ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 20 ശതമാനം ഓഹരികള്‍ സഊദി അറാംകൊക്ക് വില്‍ക്കുന്നതിന് ആഗ്രഹിക്കുന്നതായി റിലയന്‍സ് അറിയിച്ചിട്ടുണ്ട്. 7,500 കോടി ഡോളറിന്റെ ഇടപാട് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായിരിക്കും. ഈ വര്‍ഷം ആദ്യ പകുതിയില്‍ 4,690 കോടി ഡോളര്‍ അറ്റാദായം നേടിയ സൗദി അറാംകൊ ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാകുന്ന കമ്പനിയാണെന്ന് തെളിയിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."