അപകട കുഴികള്‍ രൂപപ്പെട്ട് പൂവാറിലെ റോഡുകള്‍; പൊറുതിമുട്ടി ജനം, ഉറക്കം നടിച്ച് അധികൃതര്‍
ബിനുമാധവന്‍
പുവാര്‍: കടലോര മേഖലയായ പൂവാറിലെ ജനങ്ങളുടെ നട്ടെല്ല് ഒടിയുന്ന തരത്തില്‍ റോഡുകളില്‍ അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും യാതൊരു വിധ കുലുക്കവുമില്ലാതെ അധികൃതര്‍ ഉറക്കം നടിക്കുന്നതായി പരക്കേ ആക്ഷേപം. പുവാര്‍ , തിരുപുറം , കാഞ്ഞിരംകുളം പഞ്ചായത്തുകളിലായി സഞ്ചാര യോഗ്യമായ ഒരു റോഡു പൊലുമില്ലാ എന്നാണ് ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന പരാതി.
പഴയകട-മാവിളകടവ് , പഴയകട-പാഞ്ചികടവ് , പുവാര്‍- നെയ്യാറ്റിന്‍കര , പഴയകട-കാഞ്ഞിരംകുളം , കുമളി റോഡ് തുടങ്ങിയവയാണ് തകര്‍ന്ന് തരിപ്പണമായി അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. ദിനം പ്രതി ഈ റോഡുകളില്‍ നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇതില്‍ ഭൂരിഭാഗം തകര്‍ന്ന റോഡുകള്‍ക്കും നവീകരിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
റോഡിന്റെ ശോചനിയാവസ്ഥയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് അടുത്തിടെ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. പി.ഡബ്ല്യു.ഡിയുടെ അനാസ്ഥയാണ് റോഡുകളുടെ ശോചനിയാവസ്ഥയ്ക്ക് കാരണമായി തിരുപുറം പഞ്ചായത്തിലെ ബന്ധപ്പെട്ടവര്‍ പറയുന്നത്. റോഡുകള്‍ സമയബന്ധിതമായി മെയിന്റനന്‍സ് നടത്താത്തതും തകര്‍ച്ചയ്ക്ക് കാരണമായി. പല റോഡുകളുടെയും പണി മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയെങ്കിലും മഴകാരണമാണ് റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. പുവാര്‍-നെയ്യാറ്റിന്‍കര റോഡിന്റെ മധ്യഭാഗത്തായി വന്‍കുഴികള്‍ രൂപപ്പെട്ടു. പഴയകട-മാവിളക്കടവ് റോഡിന്റെ പണി തുടങ്ങിയിട്ടും മാസങ്ങള്‍ കഴിഞ്ഞു.
ഓട നിര്‍മാണത്തിനായി വശങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതിനാല്‍ അപകടങ്ങള്‍ ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കാല്‍നട യാത്ര പോലും അപകടം നിറഞ്ഞതാണ്. പഴയകട-പാഞ്ചിക്കടവ് പാലം റോഡിന്റെ അവസ്ഥയും മറ്റൊന്നല്ല. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രകാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ.
കുമിളി റോഡിന്റെ നവീകരണത്തിനായി കെ. ആന്‍സലന്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്. ഈ റോഡും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
കാഞ്ഞിരംകുളം-പഴയകട റോഡിന്റെ നവീകരണത്തിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും പണി ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ലാ എന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. ബൈപാസ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുമായി അമിത വേഗത്തില്‍ വാഹനങ്ങള്‍ ചീറിപായുന്നതാണ് ഈ റോഡ് പൂര്‍ണമായി തകരാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്. കോവളം-കാരോട് ബൈപാസില്‍ അടിപ്പാത നിര്‍മാണത്തിനു വേണ്ടിയാണ് പുവാര്‍-നെയ്യാറ്റിന്‍കര റോഡ് മുറിച്ച് താല്‍കാലിക റോഡ് നിര്‍മിച്ചത്. ഈ ഭാഗം വന്‍ അപകട സാധ്യതയുളള മേഖലയായി മാറിയിരിക്കുകയാണ്.
ബന്ധപ്പെട്ട അധികൃതരുടെ കണക്കുകള്‍ പ്രകാരം കുമിളി റോഡിന് 25 ലക്ഷം രൂപയും, പുവാര്‍- നെയ്യാറ്റിന്‍കര റോഡിന് 15 കോടി രൂപയും, പഴയകട-പാഞ്ചിക്കടവ് പാലം റോഡിന് 40 ലക്ഷം രൂപയും , പഴയകട-കാഞ്ഞിരംകുളം റോഡിന് 20 ലക്ഷം രൂപയും , പഴയകട-മാവിളക്കടവ് റോഡിന് രണ്ട് കോടി രൂപയുമാണ് നവീകരണത്തിനായി അനുവദിച്ച തുക.
കടലോര മേഖലയിലെ 80 ശതമാനം റോഡുകളുടെയും അവസ്ഥ ശോചനീയം തന്നെയാണ്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കണം എന്നുളളതാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."