ഹരിയാന: ബി.ജെ.പി കൂട്ടുപിടിച്ചത് ക്രിമിനല്‍ കേസുകളിലെ പ്രതിയെ
ന്യൂഡല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ബി.ജെ.പി കൂട്ടുപിടിച്ചത് ക്രിമിനല്‍ കേസുകളിലെ പ്രതി ലോക്ഹിദ് പാര്‍ട്ടിയിലെ എം.എല്‍.എ ഗോപാല്‍ ഖണ്ഡയെ. ഹരിയാന മുന്‍ മന്ത്രിയും വ്യാപാരിയുമായ ഖണ്ഡ പീഡനക്കേസിലും പ്രതിയാണ്. ഗീതിക ശര്‍മ എന്ന എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗോപാല്‍ ഖണ്ഡയ്‌ക്കെതിരേയുള്ള ആരോപണം അദ്ദേഹം സംസ്ഥാന മന്ത്രിയായിരിക്കെ 2012ല്‍ ആണ് ഉയരുന്നത്. അതേവര്‍ഷം ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്ത എയര്‍ഹോസ്റ്റസ് ആത്മഹത്യാ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പീഡനം, ആത്മഹത്യാ പ്രേരണം, ഗുഢാലോചന തുടങ്ങിയ കേസുകളില്‍ ഇദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. 2013ല്‍ എയര്‍ഹോസ്റ്റസിന്റെ മാതാവും ആത്മഹത്യ ചെയ്തു. ആത്മഹത്യാകുറിപ്പില്‍ ഖണ്ഡയെയും അദ്ദേഹത്തിന്റെ സഹായിയെയും കുറ്റപ്പെടുത്തിയിരുന്നു. രണ്ട് കേസുകളില്‍ ഒന്നര വര്‍ഷത്തോളം ജയിലില്‍ കിടന്ന ഖണ്ഡയ്ക്ക് 2014 മാര്‍ച്ചിലാണ് ജാമ്യം ലഭിക്കുന്നത്. കേസിന്റെ നടപടികള്‍ ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ തുടരുകയാണ്. എയര്‍ ഹോസ്റ്റസിന്റെ മാതാവിന്റെ ആത്മഹത്യയില്‍ ഖണ്ഡയ്‌ക്കെതിരേയുള്ള കേസ് ഡല്‍ഹി പൊലിസ് ഈ വര്‍ഷം മെയില്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍ പൊലിസ് തീരുമാനം റദ്ദാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. കേസില്‍ കന്ദയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഹരിയാനയില്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ അതേ കന്ദയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി കൂട്ടുപിടിച്ചതില്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി. ഖണ്ഡയ്‌ക്കെതിരേ ബി.ജെ.പി പ്രതിഷേധിക്കുന്ന ചിത്രവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താനായി ഡല്‍ഹിയിലേക്ക് വിമാനത്തില്‍ ഖണ്ഡ ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍ പോവുന്ന ചിത്രവുമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.
ഖണ്ഡയും ഭാര്യയും 40 കോടി രൂപയുടെ നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമുണ്ട്. 2008ല്‍ ഖണ്ഡയുടെ വസതിയില്‍ റെയ്ഡ് നടത്താനെത്തിയ ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരെ ഇദ്ദേഹത്തിന്റെ അനുയായികള്‍ അക്രമിച്ചിരുന്നു.
സംഭവത്തില്‍ കേസ് എടുത്തെങ്കിലും ഖണ്ഡ മന്ത്രിയായിരിക്കെ ഇത് റദ്ദാക്കുകയായിരുന്നു. 2018 സെപ്റ്റംബറില്‍ സഹ സംരംഭകനെ ബിസിനസില്‍ ചതിച്ചുവെന്ന കേസില്‍ ഖണ്ഡയ്‌ക്കെതിരേ ഡല്‍ഹി സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം കേസ് എടുത്തിരുന്നു. സ്വന്തം ദേശമായ സിര്‍സയില്‍ നിന്നാണ് ഇദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും 2014 ല്‍ പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."