പ്രണയിച്ച് വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ ബന്ധുക്കള്‍ തിരികെ കൊണ്ടുപോയി
ആലപ്പുഴ: മലയാളി യുവാവുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങിവന്ന തമിഴ്നാട് സ്വദേശിയായ യുവതിയെ പോലീസുമായെത്തി ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി. മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാകാതെ വധിക്കുമെന്ന് പരാതിയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഹരിപ്പാട് പായിപ്പാട് സ്വദേശിയായ എഡ്വിന് ഫിലിപ്പ് സാം (24) ആണ് ഇതുസംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. കോവളത്ത് ബി.എസ് സി ഹോസ്പിറ്റാലിറ്റി കോഴ്സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുമായി യുവാവ് പ്രണയത്തിലായത്. വീട് വിട്ട് യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ 12ന് ഹരിപ്പാട് സബ്രജിസ്ട്രാര്‍ ഓഫീസ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിന് അപേക്ഷ നല്കി. അന്നു രാത്രിയില്‍ ബന്ധുക്കള്‍ തന്റെ വീട്ടിലെത്തിയ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്ന് യുവാവ് പറയുന്നു.16ന് കന്യാകുമാരി പോലീസുമായെത്തി ബന്ധുക്കള്‍ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് ഹരിപ്പാട് പോലീസ് എത്തി യുവതിയെ തിരികെകൊണ്ടുപോകാന്‍ വഴിയൊരുക്കി. നാഗര്‍കോവില്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ് യുവാവ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അതേസമയം കന്യാകുമാരി പോലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയതെന്ന് ഹരിപ്പാട് പോലീസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."