സൈക്കിളുമായി എസ്.ഐ എത്തി: സുധീഷ് ഇനി മടികൂടാതെ സ്‌കൂളില്‍ പോകും
കാളികാവ്: ചോക്കാട് പരുത്തിപ്പറ്റ ആദിവാസി കോളനിയില്‍ താമസിക്കുന്ന ചിങ്കക്കല്ലിലെ സുധീഷിന് സ്‌കൂളില്‍ പോകാന്‍ സൈക്കിളായി. 11ാം വയസില്‍ സ്‌കൂളില്‍ ചേര്‍ത്ത സുധീഷിന്റെ ഏക ആവശ്യം സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ വേണമെന്നതായിരുന്നു. പ്രായം കഴിഞ്ഞിട്ടും സ്‌കൂളില്‍ ചേര്‍ക്കാതിരുന്ന സുധീഷിന് കാളികാവ് എസ്.ഐ എം.ടി പ്രമോദ് ഇടപെട്ടാണ് പെടയന്താള്‍ ഗവ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ സുധീഷ് ആവശ്യപ്പെട്ട സൈക്കിള്‍ വെള്ളിയാഴ്ച എസ്.ഐ തന്നെ കോളനിയിലെത്തിച്ച് നല്‍കി. സുധീഷിന്റെ പഠനം മുടങ്ങിയതിന് പിന്നില്‍ ദുരന്ത കഥകള്‍ കൂടിയുണ്ട്. സ്‌കൂളില്‍ പോകേണ്ട പ്രായത്തിലായിരുന്നു ബസ് കയറി കാല്‍ മുറിഞ്ഞ അച്ഛന്റെ മരണം. ഇതോടെ ദുരിതത്തിലായ കുടുംബത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് ചേനപ്പാടി കോളനിയിലായിരിക്കെ കുടിലിന് മുകളില്‍ മരം വീണ് സഹോദരനായ വിനോദ് മരണപ്പെടുകയും അമ്മ ശോഭനക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.
അമ്മ കൂടി കിടപ്പിലായതോടെ 14 വയസുള്ള സുധീഷിന്റെ സഹോദരന്‍ രാജേഷാണ് കുടുംബം പുലര്‍ത്തിയത്. ദുരിത സാഹചര്യങ്ങളില്‍ പഠനത്തേക്കാള്‍ അനുജന്റെയും അമ്മയുടേയും ജീവന്‍ നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത രാജേഷിന് സുധീഷിന്റെ പഠനത്തില്‍ ശ്രദ്ധിക്കാനായില്ല. പിന്നീട് സ്‌കൂള്‍ തുറക്കുമ്പോള്‍ സുധീഷ് ഒഴിഞ്ഞ് മാറുകയും ചെയ്തു.
ഈ വര്‍ഷം സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ കളക്കുന്ന് കോളനിയിലുണ്ടെന്നറിഞ്ഞ് കാളികാവ് എസ്.ഐയും സംഘവുമെത്തി കോളനിയിലെ എട്ട് കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ത്തി. ഇതിനിടയിലാണ് സുധീഷിനെ കാണുന്നത്. ഒഴിഞ്ഞുമാറാനായി സൈക്കിള്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. എസ്.ഐ പ്രമോദ് നല്‍കാമെന്നേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുതിയ സൈക്കിള്‍ വാങ്ങി സുധീഷിന് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."