നഗരസഭാ ബസ് സ്റ്റാന്‍ഡ് ഇരുട്ടില്‍; പരിഹാരം കാണാതെ അധികൃതര്‍
നീലേശ്വരം: നഗരസഭാ ബസ് സ്റ്റാന്‍ഡ് ഇരുട്ടിലായിട്ടു രണ്ടാഴ്ചയോളമായിട്ടും നഗരസഭയ്ക്ക് അനക്കമില്ല. വി.എസ് ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തെ ഹൈമാസ്റ്റ് വിളക്ക് ഉള്‍പ്പെടെയുള്ളവയാണു രണ്ടാഴ്ചയിലധികമായി കത്താത്തത്. ഇതില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു തെക്കു ഭാഗത്തെ രണ്ടു വിളക്കുകള്‍ കഴിഞ്ഞ ദിവസം മുതല്‍ കത്തുന്നുണ്ട്.
ഹൈമാസ്റ്റ് വിളക്ക് കത്താതെ ബസ് സ്റ്റാന്‍ഡ് ഇരുട്ടിലായ കാര്യം സി.പി.എം കൗണ്‍സലര്‍ പി.കെ രതീഷ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. തകരാര്‍ ആണെന്നും പരിഹരിക്കാന്‍ ഉടന്‍ ഇടപെടുമെന്നും ചെയര്മാന് കെ.പി ജയരാജന് മറുപടിയും നല്കി.
കൗണ്‍സില്‍ യോഗത്തിനു തലേന്നു ബസ് സ്റ്റാന്‍ഡിനു സമീപം മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ഇറങ്ങിയ യുവ കൗണ്‍സലര്‍മാരുടെ കര്‍മസേനയ്ക്കു നേതൃത്വം നല്കിയ പി.കെ രതീഷും എ.വി സുരേന്ദ്രനും ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ പരിശോധിച്ചിരുന്നു.ഇലക്ട്രീഷ്യന് കൂടിയായ എ.വി സുരേന്ദ്രന് പരിശോധിച്ചിട്ടും ലൈറ്റ് നേരെയായില്ലെന്ന കാര്യം ചെയര്മാന് കൗണ്‍സിലില്‍ പറയുകയും ചെയ്തു.
വിദഗ്ധരെ എത്തിച്ചു തകരാര്‍ പരിഹരിക്കുന്നതില്‍ നഗരസഭ കാട്ടുന്ന അലംഭാവം പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."