സുരേന്ദ്രന്‍ രണ്ടു തവണ ഇരുമുടിക്കെട്ട് നിലത്തിട്ടു; സി.സി.ടി.വി ദൃശ്യങ്ങളുമായി കടകംപള്ളി
പത്തനംതിട്ട: തന്നെ മര്‍ദ്ദിച്ചുവെന്നതടക്കമുള്ള കെ.സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലിസ് സ്റ്റേഷനില്‍ വെച്ച് തന്റെ ഇരുമുടിക്കെട്ട് പൊലിസ് നിലത്തിട്ട് ചവിട്ടിയെന്നാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇതിന് മറുപടിയായാണ് മന്ത്രി സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ചുമലിലിരുന്ന ഇരുമുടിക്കെട്ട് കെ.സുരേന്ദ്രന്‍ രണ്ട് തവണ താഴെയിടുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി രണ്ട് തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുത്തു. പൊലിസ് മര്‍ദ്ദിച്ചുവെന്ന് മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.- കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."