പാവങ്ങളുടെ ജീവനെടുക്കുന്ന അധികാരി പ്രേതങ്ങള്‍
സാധാരണക്കാരായ മലയാളികളുടെ മനസില്‍ ഭരണകൂടത്തോടുള്ള വിരോധം ആദ്യം രൂപംകൊള്ളുന്നത് ചെറുപ്പത്തില്‍ എന്തെങ്കിലും അസുഖവുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചെല്ലുമ്പോഴാണ്. രോഗ ചികിത്സയില്‍ മരുന്നിനെക്കാള്‍ പ്രധാനം രോഗിയോട് കരുണയും സൗമ്യതയുമുള്ള പെരുമാറ്റമാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നതെങ്കിലും അതിനു നേര്‍ വിപരീതമായ അനുഭവമായിരിക്കും അവിടെ നിന്നുണ്ടാകുക. രോഗിയെ എന്തൊക്കെയോ സൗജന്യംപറ്റാന്‍ വന്ന ദരിദ്രവാസി എന്ന നിലയില്‍ പരിഗണിക്കുന്ന ആശുപത്രി ജീവനക്കാര്‍.
മനുഷ്യപ്പറ്റ് അടുത്തുകൂടി പോകാത്ത തരത്തിലുള്ള പരിശോധനയും കുത്തിവയ്പും. അതും കഴിഞ്ഞ് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസവും സ്വത്തുവകകളുമൊക്കെയായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കു വേണ്ടി വില്ലേജ് ഓഫിസ് കയറിയിറങ്ങേണ്ടി വന്നാല്‍ മനസിലെ ഭരണകൂട വിരോധം ഒന്നുകൂടി കനക്കും. പരമാവധി വട്ടം കറക്കിയും തൊടുന്യായങ്ങള്‍ പറഞ്ഞ് കാര്യങ്ങള്‍ മുടക്കി കൈക്കൂലി വാങ്ങിയുമൊക്കെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥ നികൃഷ്ടതയെ നേരിടേണ്ടി വരുന്ന പാവപ്പെട്ട മനുഷ്യര്‍ സ്വന്തം ജന്മത്തെ തന്നെ ശപിച്ചുപോകും. തല ചായ്ക്കാന്‍ ഒരു കൂര പണിയാന്‍ വേണ്ടി അനുമതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപന ഓഫിസുകളില്‍ ചെന്നാലും കാണാം അധികാരത്തിന്റെ ദുര്‍മുഖം. ഇതൊക്കെ സഹിച്ചിട്ടും നമ്മുടെ നാട്ടുകാര്‍ ഭരണകൂട വിരുദ്ധരോ തീവ്രവാദികളോ ഒക്കെയായി മാറാതിരിക്കുന്നത് മനസില്‍ വേരോടിയ അതിശക്തമായ ജനാധിപത്യബോധം കൊണ്ടു മാത്രമാണ്.
ഇക്കൂട്ടത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഏറ്റവും ഭീകരമായ മുഖം കാണാനാവുക ഒരു മനുഷ്യായുസിനിടയില്‍ പലതവണ കയറിയിറങ്ങേണ്ടി വരുന്ന വില്ലേജ് ഓഫിസിലാണ്. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വ- നാടുവാഴിത്ത കാലഘട്ടങ്ങളുടെ ചീഞ്ഞളിഞ്ഞ അധികാര രീതികള്‍ അവിടെ തളംകെട്ടിക്കിടക്കുന്നതു കാണാം. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വില്ലേജ് ഓഫിസര്‍ 'അധികാരി' ആയി തന്നെ തുടര്‍ന്നത് അതുകൊണ്ടാണ്. പിന്നീട് അധികാരിയെന്ന സ്ഥാനപ്പേരിനെ വില്ലേജ് ഓഫിസുകളില്‍നിന്ന് നിര്‍ബന്ധപൂര്‍വം പടിയിറക്കിയത് കെ.ഇ ഇസ്മാഈല്‍ റവന്യു മന്ത്രിയായിരുന്ന കാലത്താണ്. ഇതുപോലുള്ള ചില ഭരണാധികാരികളുടെ പ്രയത്‌നഫലമായി ഈ വകുപ്പില്‍ ചില നവീകരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അധികാരിയുടെ പ്രേതം ഇന്നും വില്ലേജ് ഓഫിസുകളില്‍നിന്ന് കുടിയിറങ്ങിപ്പോയിട്ടില്ല. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലെ ജോയി (തോമസ്) എന്ന കര്‍ഷകന്റെ ജീവനെടുത്തത് ചെമ്പനോട വില്ലേജ് ഓഫിസില്‍ കുടികൊള്ളുന്ന അധികാരിയുടെ പ്രേതമാണ്. വില്ലേജ് ഓഫിസുകളടക്കം സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കേണ്ട സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം അഴിമതി അതിക്രൂരമാംവിധം തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ജോയിയുടെ ആത്മഹത്യ. സ്വന്തം സ്ഥലത്തിന്റെ കരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷത്തിലധികം ദ്രോഹിച്ചതിനെ തുടര്‍ന്നാണ് ജോയി ജീവനൊടുക്കിയത്. ഒരു ഘട്ടത്തില്‍ ഗത്യന്തരമില്ലാതെ തനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം നല്‍കിയ മുന്നറിയിപ്പുപോലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.
ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ മാത്രമേ കരമടയ്ക്കാന്‍ അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജോയിയുടെ ഭാര്യ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തോടു പൊരുതിത്തോറ്റ് ജീവനൊടുക്കേണ്ടി വരുന്ന മനുഷ്യ നിസ്സഹായതയുടെ നേര്‍ക്കാഴ്ചയാണ്. അഴിമതി തുടച്ചുനീക്കിയെന്ന ഭരണാധികാരികളുടെ പരസ്യവാചകങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഉച്ചഭാഷിണിയിലൂടെയും റേഡിയോയിലൂടെയുമൊക്കെ ഇടതടവില്ലതെ ഒഴുകിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ രോദനവും മുഴങ്ങുന്നത്.
ജോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചിട്ടുമുണ്ട്. ഈ വിജിലന്‍സ് സംവിധാനങ്ങളൊക്കെ ഇവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു. വില്ലേജ് ഓഫിസുകളിലെ അഴിമതിയെക്കുറിച്ച് പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും ഒരു മനുഷ്യജീവന്‍ ഹോമിക്കേണ്ടി വന്നു അതൊന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍. കര്‍ശന നടപടികളുണ്ടാകുമെന്ന് ഭരണാധികാരികള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അതില്‍ നാട്ടുകാര്‍ക്കു വലിയ വിശ്വാസമൊന്നും വന്നിട്ടില്ല.
അത്തരത്തിലാണ് ഉദ്യോഗസ്ഥതലത്തിലെ നീക്കങ്ങള്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു 'വീഴ്ച' സംഭവിച്ചു എന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം സംഭവത്തെ ലഘൂകരിക്കാനുള്ള നീക്കമാണെന്ന സംശയം പോലും പലരിലും ജനിപ്പിക്കുന്നു. കൈക്കൂലി ചോദിക്കുന്നതും അതുനല്‍കാത്തവരെ ദ്രോഹിച്ച് ആത്മഹത്യയിലേക്കു തള്ളിവിടുന്നതും വെറും വീഴ്ചകളല്ല. അഴിമതിയും നരഹത്യയുമടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ഈ സംഭവത്തിലുണ്ട്. ആ നിലയ്ക്കു തന്നെ അതു കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും വില്ലേജ് ഓഫിസുകളില്‍നിന്ന് അധികാരി പ്രേതങ്ങളെ കുടിയിറക്കാനും ഭരണകൂടം തയാറാകണം. ഇല്ലെങ്കില്‍ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കും. ഉദ്യോഗസ്ഥ ദ്രോഹത്തിന് ഇരകളാകുന്ന എല്ലാ മനുഷ്യരും ജോയിയെപ്പോലെ ജീവനൊടുക്കിക്കൊണ്ടു മാത്രമല്ല പ്രതികരിക്കുക എന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും.
*** *** ***
എന്തു കാര്യവും പരമാവധി വഷളാക്കിയ ശേഷം പരിഹാരം തേടുക എന്ന പിണറായി സര്‍ക്കാരിന്റെ സ്ഥിരം രീതി തന്നെയാണ് എറണാകുളത്തെ പുതുവൈപ്പിലും കണ്ടത്. ഐ.ഒ.സിയുടെ പാചകവാതക സംഭരണിക്കെതിരായ നാട്ടുകാരുടെ സമരത്തെ പൊലിസ് മര്‍ദനമഴിച്ചുവിട്ടും തീവ്രവാദി ബന്ധമെന്ന ആരോപണമുയര്‍ത്തി ഭീഷണിപ്പെടുത്തിയും ഒതുക്കാന്‍ ശ്രമിച്ചു പരാജയപ്പട്ട ശേഷം മാത്രമാണ് സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കുന്നത്. ഇതിനിടയില്‍ സര്‍ക്കാരിനെതിരേ ആളിപ്പടര്‍ന്ന ജനരോഷം തണുപ്പിക്കല്‍ ഇനി അത്ര എളുപ്പമാവാനിടയില്ല. ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ പാടുപെട്ടു പ്രയത്‌നിച്ച ആളുകളില്‍ വലിയൊരു വിഭാഗത്തിന്റെ പോലും വെറുപ്പ് സര്‍ക്കാര്‍ സമ്പാദിച്ചു കഴിഞ്ഞു.
ഇത്രയൊക്കെയായിട്ടും പ്ലാന്റ് അവിടെ തന്നെ സ്ഥാപിക്കണമെന്ന വാശിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. തല്‍ക്കാലം നിര്‍മാണപ്രവൃത്തി നിര്‍ത്തിവയ്ക്കുകയും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സമ്മതിക്കുകയുമൊക്കെ ചെയ്തിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു തന്നെ മുഖ്യമന്ത്രി തറപ്പിച്ചു പറയുന്നു. ഒരു കാരണവശാലും അത് അനുവദിക്കില്ലെന്ന് നാട്ടുകാരും പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ വിഷയം അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്നു വ്യക്തം.
പദ്ധതി സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ആണയിട്ടു പറയുമ്പോഴും അതു നാട്ടുകാരെ ബോധ്യപ്പെടുത്താനായിട്ടില്ല. അതിനിടയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്രൂപ്പിന്റെ കമ്പനിയായ അദാനി ഗ്യാസ് ലിമിറ്റഡും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംരംഭത്തിന്റെ ബിസിനസ് ആവശ്യത്തിനു വേണ്ടിയുള്ളതാണ് ഈ പ്ലാന്റെന്ന വാര്‍ത്തയും പുറത്തുവരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതത്തിനു ദുരിതം വിതയ്ക്കുന്ന കോര്‍പറേറ്റ് കമ്പനികളുടെ സ്ഥാപനങ്ങള്‍ക്കെതിരേ ഉയരുന്ന ജനരോഷവുമായി പുതുവൈപ്പ് ചേര്‍ത്തു വായിക്കപ്പെടാനും സര്‍ക്കാരിന് ഇതിലുള്ള താല്‍പര്യം പുതിയ തലങ്ങളില്‍ ചോദ്യം ചെയ്യപ്പെടാനുമിടയുണ്ട്. ഇതൊക്കെ മുന്നില്‍ കണ്ട് ഭാവിയില്‍ ഉയരാനിടയുള്ള സമരത്തെ നിഷ്ഠൂരമായി അടിച്ചൊതുക്കാനുള്ള നീക്കത്തിന്റെ മുന്നൊരുക്കമായി തീവ്രവാദ ആരോപണം വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്.
തീവ്രവാദ ബന്ധം ആരോപിച്ചും അതിന്റെ തുടര്‍ച്ചയായി കരിനിയമങ്ങള്‍ ഉപയോഗിച്ചും ജനകീയ സമരങ്ങളെ അടിച്ചൊതുക്കുക എന്ന ലളിതവും എന്നാല്‍ ക്രൂരവുമായ തന്ത്രം കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചു പോരുന്നുണ്ട്. ആ ദിശയിലേക്കു തന്നെയാണ് കേരള സര്‍ക്കാരും നീങ്ങുന്നതെന്ന സംശയം ബലപ്പെടുന്നുണ്ട്. അതു ശരിയാണെങ്കില്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണത്തിനു പകരം ശരിയായ തീവ്രവാദി സാന്നിധ്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഭരണകൂട അനീതികളാണ് തീവ്രവാദത്തിനു വിത്തുപാകുന്നതെന്നും കാര്യങ്ങള്‍ ജനതയെ ബോധ്യപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കുന്നതാണ് നേരായ ഭരണകൂട വിവേകമെന്നും തിരിച്ചറിയാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ കൂടുതല്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കായിരിക്കും പുതുവൈപ്പ് നീങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."