റിട്ട. ബാങ്ക് മാനേജരുടെ കൊലപാതകം: പൊലിസുകാരന് റിമാന്‍ഡില്‍
കാസര്‍കോട്: റിട്ട. ബാങ്ക് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസ് ഉദ്യോഗസ്ഥനെ കോടതി റിമാന്‍ഡ് ചെയ്തു. മുള്ളേരിയ കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരുമായ കാടകം ശാന്തിനഗറിലെ ഇടയില്ലം മാധവന് നായരെ (68) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് എ.ആര് ക്യാംപിലെ പൊലിസ് ജീവനക്കാരന് ശ്യാമിനെ(36)യാണ് കാസര്‍കോട് കോടതി അടുത്ത മാസം ഒന്നുവരെ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി മാധവന് നായരെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാധവന് നായരുടെ ഭാര്യാസഹോദരിയുടെ മകന് കൂടിയാണ് ശ്യാം. സ്വത്തുസംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊല നടത്തിയശേഷം പൊലിസില്‍ കീഴടങ്ങിയ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്ത് മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."