വനംവകുപ്പിന്റെ ഏകവിളത്തോട്ട നിര്‍മാണം ഉപേക്ഷിക്കണമെന്ന് സുഗതകുമാരി
കല്‍പ്പറ്റ: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസം പ്രവര്‍ത്തനങ്ങളും പേരിയയിലെ ഏകവിളത്തോട്ടം നിര്‍മാണവും ഉപേക്ഷിക്കണമെന്ന് പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി. ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ (ജനറല്‍) ടെലിഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിത്. പാരിസ്ഥിതികത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുംവിധം വനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ നേരില്‍ക്കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതകുമാരിയുടെ ഇടപെടല്‍.
പശ്ചിമഘട്ട മലനിരകളില്‍ എറ്റവും പരിസ്ഥിതി പ്രാധാന്യം ഉള്ളതും മനുഷ്യ സ്പര്‍ശമേല്‍ക്കാതെ സംരക്ഷിക്കേണ്ടതുമാണ് ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും ചോലവനങ്ങളും പുല്‍പ്പരപ്പുകളും. പാപനാശിനിയുടെയും കബനിയുടെയും ഉദ്ഭവകേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങള്‍. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവിലെ പേരിയ കാടുകള്‍ വയനാടിന്റെ പരിസ്ഥിതി സന്തുലനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതാണ്.
വയനാട്ടിലെ കാടുകളുടെ മൂന്നിലൊന്ന് ഇപ്പോള്‍ത്തന്നെ ഏകവിളത്തോട്ടങ്ങളാണ്. നിലവിലെ ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റണമെന്ന് ജനങ്ങള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് പേരിയയില്‍ മഹാഗണിത്തോട്ടം പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ടുപോകുന്നത്. വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാനകാരണം തേക്ക്, യൂക്കാലിപ്ട്‌സ് ഏകവിളത്തോട്ടങ്ങളാണ് എന്നിരിക്കെ പുതുതായി ഒരേക്കര്‍ ഏകവിളത്തോട്ടംപോലും ഉണ്ടാക്കരുതെന്നും സുഗതകുമാരി ആവശ്യപ്പെട്ടു. ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസ്റ്റ് കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്നതടക്കം ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ച് അനുഭാവത്തോടെ നടപടി സ്വീകരിക്കുമെന്ന് കവയിത്രിക്ക് പി.സി.സി.എഫ് ഉറപ്പുനല്‍കിയതായി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി സമിതി വയനാട്ടില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് സുഗതകുമാരി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."