ഉപ്പക്ക് അത്തര്‍ മണമുള്ള പെരുന്നാള്‍ വസ്ത്രവുമായി ആ മക്കള്‍ വരുമോ?
കോഴിക്കോട്: ബഷീറിന്റെ പെരുന്നാളിനിപ്പോള്‍ അത്തറിന്റെ മണമില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കണ്ണീരിന്റെ രുചിയാണ്. താന്‍ ഓമനിച്ചു വളര്‍ത്തിയ മൂന്നു മക്കളെ കണ്ടിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. കണ്ണൂര്‍ കൊട്ടിയൂര്‍ അടക്കാത്തോട് സ്വദേശിയായ ബഷീര്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് കോഴിക്കോട് ജില്ലയിലെ നരിക്കുനിയിലെ അഭയ കേന്ദ്രമായ അത്താണിയിലാണ്. അപ്രതീക്ഷിതമായുണ്ടായ ഒരപകടത്തില്‍ ശരീരം തകര്‍ന്നു കിടക്കുകയാണ് ബഷീറിവിടെ.
എഴുന്നേല്‍ക്കാന്‍ പരസഹായം വേണം. നാട്ടിലുള്ള മുന്നു മക്കള്‍ക്കും തന്നെ കാണാന്‍ ആഗ്രഹമുണ്ടായിട്ടും ഭാര്യ അനുവദിക്കുന്നില്ലെന്നാണ് ബഷീര്‍ പറയുന്നത്.
മൂത്ത മകന്‍ ബിലാല്‍ പത്താം ക്ലാസിലാണ്. എട്ടാം ക്ലാസിലാണ് രണ്ടാമത്തെ മകന്‍ ഹിലാല്‍. ആറാം ക്ലാസ് വിദ്യാര്‍ഥിയായ അല്‍ഫലാഹും ഉപ്പയെ കണ്ടിട്ടു വര്‍ഷം മൂന്നു കഴിഞ്ഞു. 15 വര്‍ഷത്തോളം ഒമാനില്‍ പ്രവാസിയായിരുന്നു ബഷീര്‍. കുടുംബത്തെ പൊന്നുപോലെ നോക്കിയിരുന്നെങ്കിലും അപകടം പറ്റിയപ്പോള്‍ അവര്‍ കൈവിടുകയായിരുന്നു. ബഷീറിന്റെ പേരിലുള്ള 25 സെന്റ് സ്ഥലവും വീടും ഭാര്യയുടെ പേരില്‍ നല്‍കിയാല്‍ മാത്രമേ മക്കളെ കാണാന്‍ അനുവദിക്കുകയുള്ളു എന്ന ശാഠ്യമാണ് ഭാര്യക്കെന്നും ബഷീര്‍ പറയുന്നു.
ബഷീറിന് ഉപ്പയും ഉമ്മയുമുണ്ട്, പക്ഷേ ഇരുവരും രോഗ ശയ്യയിലാണ്. സഹോദരന്‍ ഇടക്കൊക്കെ നരിക്കുനിയിലെ അത്താണിയില്‍ വരാറുണ്ട്. എന്നിട്ടും ഭാര്യ ഇതുവരെ വന്നിട്ടില്ല.
കെട്ടിട പണിക്കിടെ അപകടം പറ്റിയാണ് ബഷീറിന്റെ ശരീരം തകര്‍ന്നുപോയത്. പത്തു ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിച്ചു. ഇനി കാര്യമായ ചികിത്സയില്ല. ഫിസിയോതെറാപ്പി മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. താന്‍ സമ്പാദിച്ചുണ്ടാക്കിയ വീട്ടില്‍ നിന്നും ഭാര്യ ഇറക്കിവിട്ടയുടനെ ഒരു വര്‍ഷത്തോളം നാട്ടില്‍ സഹോദരിയുടെ വീട്ടിലായിരുന്നു. പിന്നെ ആറുമാസം വൈദ്യ ചികിത്സയും നടത്തി.
കുറച്ചുകാലം വയനാട്ടിലും ചികിത്സയുമായി കിടന്നു. മെഡിക്കല്‍ കോളജിലും കിടന്ന ശേഷമാണ് നരിക്കുനിയിലെ അത്താണിയിലെത്തിയത്. ഇവിടെ മറ്റു അതിഥികളോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും മക്കളെ കാണാനാവുന്നില്ലെന്ന ദുഖം ഉള്ളിലുണ്ട്. ഈ പെരുന്നാളിനെങ്കിലും ഉപ്പക്കു പുത്തനുടുപ്പുമായി അവര്‍ വരുമെന്ന് പ്രതീക്ഷയിലാണ് ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."