പശ്ചിമഘട്ടം തുരക്കുന്ന സര്‍ക്കാര്‍ ജനവിരുദ്ധമാണ്
സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും നല്‍കുന്ന സൂചന ഒരു പാര്‍ട്ടിക്കും ഇന്ത്യയില്‍ വോട്ടുബാങ്ക് അഹങ്കാരവുമായി ഇനി നടക്കാനാവില്ല എന്നാണ്. കുത്തക മണ്ഡലങ്ങള്‍ അങ്ങിനെയല്ലാതായിത്തീരുന്ന കാഴ്ചയാണ് ഈ രണ്ടു തെരഞ്ഞെടുപ്പുകളിലൂടെയും വ്യക്തമാകുന്നത്. അതുവരെ സര്‍ക്കാര്‍ ചെയ്തിരുന്ന ജനദ്രോഹ നടപടികളെല്ലാം വിസ്മരിച്ച് അപ്പോഴുണ്ടാകുന്ന അതിവൈകാരിക കാര്യങ്ങളില്‍ കുരുങ്ങി വോട്ട് ചെയ്തവരാണ് രണ്ടാം മോദി ഭരണകൂടത്തിനും സംസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും കോന്നിയിലുമെല്ലാം. വ്യക്തികളെ മുന്‍നിര്‍ത്തി വോട്ട് ചെയ്യുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ജനവിരുദ്ധതയ്ക്കുള്ള അംഗീകാരവുംകൂടിയായി മാറുന്നു അത്.
ഇടതു സര്‍ക്കാരില്‍നിന്ന് ഒരിക്കലും ഉണ്ടാകരുതെന്നു ജനം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ആവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ജനവിരുദ്ധമാവുകയാണ് സര്‍ക്കാര്‍. അനധികൃത ക്വാറികള്‍ അടക്കമുള്ള 300 ക്വാറികള്‍ക്കാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാംപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കിയ സര്‍ക്കാരാണ് പ്രളയക്കെടുതികള്‍ തീരുംമുന്‍പേ ക്വാറികള്‍ക്കു വീണ്ടും അനുമതി നല്‍കിയിരിക്കുന്നത്. അതുപോലെ പെരിയ ഇരട്ടക്കൊലക്കേസിലും സര്‍ക്കാര്‍ തുടരുന്നത് ജനവിരുദ്ധ നയമാണ്. കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടതിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയാണ്. കൊന്നത് തങ്ങളുടെ അനുയായി അല്ലെന്ന് ആണയിട്ടു പറഞ്ഞതാണ് സി.പി.എം നേതൃത്വം. ആ വാക്കുകള്‍ ശരിയായിരുന്നുവെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്ക് കേസ് വാദിക്കാന്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ ഖജനാവ് സി.പി.എം കൊലയാളികളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള പണപ്പെട്ടിയല്ല. അപ്പോള്‍ പെരിയയിലെ കൃപേഷിനെയും ശരത്‌ലാലിനെയും കൊന്നത് സി.പി.എമ്മുകാര്‍ തന്നെയെന്ന് സമ്മതിക്കുകയാണു സര്‍ക്കാര്‍. ജനദ്രോഹപരമായ ഇത്തരം നടപടികളെ പെട്ടന്നുണ്ടാവുന്ന അതിവൈകാരികങ്ങളായ കാര്യങ്ങളില്‍പെട്ട് വിസ്മരിക്കുകയും ജനവിരുദ്ധ സര്‍ക്കാരിനു തന്നെ വോട്ട് നല്‍കുകയും ചെയ്യുന്നത് കൂടുതല്‍ ജനവിരുദ്ധ നടപടികള്‍ ചെയ്യാനുള്ള പ്രോത്സാഹനമായിത്തീരുകയാണ്.
ഓരോ വര്‍ഷവും ഒരോ പ്രളയം വന്ന് കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. 48 മണിക്കൂര്‍ നേരം പെയ്യുന്ന മഴക്ക് ഒഴുക്കിക്കൊണ്ടുപോകാന്‍ മാത്രം ദുര്‍ബലമായിക്കഴിഞ്ഞു കൊച്ചുകേരളം. സംസ്ഥാനത്തെ വന്യജീവി സങ്കേതത്തിനു പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നിരോധിച്ച സുപ്രിംകോടതി ഉത്തരവിനെയും ആ ഉത്തരവു നടപ്പാക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടികളും കാറ്റില്‍ പറത്തി ഖനനാനുമതിക്ക് ഒരു കിലോമീറ്ററായി ചുരുക്കിയിരിക്കുകയാണു മന്ത്രിസഭാ യോഗം. ക്വാറി മാഫിയകളുടെ സമ്മര്‍ദങ്ങള്‍ക്കു വിധേയമായാണ് ഇത്തരമൊരു തീരുമാനത്തില്‍ മന്ത്രിസഭാ യോഗം എത്തിയത് എന്നുവേണം അനുമാനിക്കാന്‍. ഒരു കിലോമീറ്ററിനു അപ്പുറമുള്ള ഒന്‍പത് കിലോമീറ്ററും പരിസ്ഥിതിലോല പ്രദേശമല്ലെന്ന ഏതാനും മന്ത്രിമാരുടെ കണ്ടുപിടിത്തം അത്ഭുതം തന്നെ. ഇതോടെ 300ലധികം ക്വാറികളാണ് പശ്ചിമഘട്ടത്തെ തുരക്കാന്‍ തുടങ്ങുക. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയരക്ടര്‍ ഒരു മാസം മുന്‍പാണ് അനധികൃത ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ ക്വാറികള്‍ അതു പാലിക്കാന്‍ തയാറായില്ല. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ പച്ചക്കൊടി കാട്ടിയതോടെ അവര്‍ക്ക് പൂര്‍വാധികം ശക്തിയോടെ പശ്ചിമഘട്ടത്തെ തുരക്കാം.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഒരു കാരണവശാലും ഖനനാനുമതി നല്‍കരുതെന്ന ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളും തള്ളിക്കളയുകയാണ് സര്‍ക്കാര്‍. ഈയടുത്ത് കേരളത്തിലെത്തിയ മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. തന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പ്രളയത്തെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്ന ഗാഡ്ഗിലിന്റെ വാക്കുകള്‍ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനവും കൂടിയായിരുന്നു. ഇനിയൊരു പ്രളയമുണ്ടായാല്‍ മുഖ്യമന്ത്രി പതിവുപോലെ ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ജനങ്ങളോടു പരമാവധി സഹകരിക്കാനും സംഭാവന ചെയ്യാനും അഭ്യര്‍ഥിക്കുമായിരിക്കും. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ അവരുടെ കൊച്ചുസമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമായിരിക്കും. അപ്പോഴും കേരളത്തിലെ ധനാഢ്യരായ മന്ത്രിമാരോ എം.പി മാരോ എം.എല്‍.എമാരോ അവരുടെ ഏക്കര്‍കണക്കിനുള്ള ഭൂമിയില്‍ നിന്ന് അഞ്ചുസെന്റ് ഭൂമിപോലും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ദാനം ചെയ്യുമെന്നു തോന്നുന്നില്ല.
രണ്ടു പ്രളയദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കേരള ജനത സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ചും വ്യത്യസ്തമായ വികസന നയത്തെ കുറിച്ചും ഗാഡ്ഗില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളത്രയും ഇടതു വലതു മുന്നണികള്‍ തള്ളിക്കളഞ്ഞു. ഒരുപക്ഷേ, വി.എസ് അച്യുതാനന്ദന്‍ മാത്രമായിരിക്കും അന്നും ഇന്നും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാവുക. പരിസ്ഥിതി ലോലപ്രദേശമെന്നാല്‍ എന്താണെന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതാണെങ്കിലും ഇരുമുന്നണികള്‍ക്കും അതു മനസിലായില്ല. എന്നാല്‍ തുടര്‍ച്ചയായി വന്ന രണ്ടു പ്രളയങ്ങളിലൂടെ പരിസ്ഥിതിലോല പ്രദേശമെന്നാല്‍ എന്താണെന്ന് ഇരുമുന്നണികള്‍ക്കും പ്രകൃതി ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്തു.
പശ്ചിമഘട്ടത്തെ നേരിടാനോ അതിന്റെ പ്രകോപനങ്ങളെ അതിജീവിക്കാനോ കൊച്ചുകേരളത്തിനു കഴിയില്ലെന്ന് ഓരോ പ്രളയങ്ങളിലൂടെയും തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിയമത്തിനോ ഭരണഘടനയ്‌ക്കോ വിരുദ്ധമായി ഒരു വരിപോലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ക്വാറി-ഭൂ- റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും സമ്മര്‍ദങ്ങള്‍ക്ക് വശംവദരാവുന്ന സര്‍ക്കാരുകള്‍ ജനദ്രോഹമാണ് ചെയ്യുന്നത്. പാര്‍ട്ടികളുടെ മേധാവിത്വത്തിനെതിരേ കക്ഷിഭേദം മറന്നു പ്രതികരിക്കാന്‍ തുടങ്ങിയ ജനം ജനവിരുദ്ധ സര്‍ക്കാരുകളെയും പാഠം പഠിപ്പിക്കാന്‍ ഔത്സുക്യം കാണിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."