ഊട്ടറ ഗായത്രി പുഴപ്പാലത്തിലെ വിള്ളല്‍ അടിയന്തിരമായി പരിഹരിക്കണമെന്ന്
വടവന്നൂര്‍: കൊല്ലങ്കോട്-പാലക്കാട് റൂട്ടിലെ ഗാതയ്രി പുഴക്ക് കുറുകെയുള്ള പാലത്തിലെ വിള്ളലുകള്‍ വര്‍ദ്ധിച്ചു വരുന്നു. മൂന്നു ദിവസങ്ങള്‍ക്കുമുന്‍പ് ചുള്ളിയാര്‍-മീങ്കര ഡാമുകള്‍ തുറന്നതതോടേയാണ് പാലത്തിലെ വിള്ളല്‍ വര്‍ദ്ധിച്ചത്. തുടര്‍ന്ന് പൊലിസ് സഹായത്തോടെ റവന്യൂ വകുപ്പ് അധികൃതര്‍ പാലത്തിലൂടേയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. പിന്നീട് ഡാമുകളിലെ ഷട്ടറുകള്‍ അടച്ചതോടെ പൊലിസിന്റെ ഗതാഗത നിയന്ത്രണം പിന്‍വലിക്കുകയാണുണ്ടായത്.
1935ല്‍ നിര്‍മിച ഊട്ടറ പാലത്തിന് 2009 മുതല്‍ അധികൃതര്‍ ബലക്ഷയം വന്ന പാലമാണെന്ന് കണ്ടെത്തി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ പുനര്‍നിര്‍മാണത്തിനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പാലം പുനര്‍നിര്‍മിക്കണമെന്നും പാലം തകര്‍ന്നാല്‍ കൊല്ലങ്കോട് ഒറ്റപെടുമെന്നും ചൂണ്ടികാട്ടി റെയില്‍-ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് മുരുകന് ഏറാട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു .2013ല്‍ ജസ്റ്റിസ് കോശി പാലം അപകടാവസ്ഥയിലായതിനാല്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപെട്ടിരുന്നു. കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 4.75 കോടി രൂപക്ക് പാലം പുനര്മിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശകമ്മിഷന് മറുപടി നല്‍കിയെങ്കിലും, ഇതുവരെ പദ്ധതി നടപ്പിലാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് രംഗത്തുവന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിനു താഴെ നാലിലധികം ആല്‍വൃക്ഷങ്ങള്‍ പത്ത് വര്‍ഷത്തിലധികമായി വളര്‍ന്നിട്ടും ഇവ മാറ്റുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഓട്ടോറിക്ഷ പോയാല്‍പോലും ഇളകുന്ന ഊട്ടറ പുഴപാലത്തില്‍ ദിവസേനെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പ് പ്രാഥമിക പഠനങ്ങള്‍ നടത്തുന്നതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."