കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞം: ഡിസംബര്‍ 5 മുതല്‍ 20 വരെ ഗൃഹസന്ദര്‍ശനം
ഒറ്റപ്പാലം: കുഷ്ഠ രോഗവ്യാപനം തടയുക എന്ന ലക്ഷ്യവുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അശ്വമേധം. ഇതിന്റെ ഭാഗമായി ഒറ്റപ്പാലം നഗരസഭയില്‍ ഡിസംബര്‍ 5 മുതല്‍ 20 വരെ ഗൃഹസന്ദര്‍ശനം നടത്തുന്നു.
രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയും അവര്‍ക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യുന്നതിനാണ് ഗൃഹ സന്ദര്‍ശനം കൊണ്ട് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് കുഷ്ഠരോഗ വ്യാപനത്തില്‍ മുന്‍പന്തിയിലാണ് നമ്മുടെ ജില്ല. ഒറ്റപ്പാലം താലൂക്കില്‍ മാത്രം 10 കേസുകള്‍ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. രോഗം ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള സൗജന്യ ചികിത്സ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഉണ്ട്. ആരോഗ്യ വകപ്പ് പരിശീലനം നല്‍കിയ സ്ത്രീ പുരുഷ വളണ്ടിയര്‍മാരാണ് വീടുകളില്‍ പരിശോധനക്ക് എത്തുക.
നിര്‍മാര്‍ജനം ചെയ്യപ്പെട്ടന്ന് വിശ്വസിച്ച നിരവധി രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. കുട്ടികളിലാണ് ഇപ്പോള്‍ രോഗത്തിന്റെ വ്യാപനം കടുതലായിട്ടുള്ളത്. അതു കൊണ്ടു തന്നെ സ്‌കൂളുകളിലും ദേഹപരിശോധന നടത്തും. രണ്ട് വയസു മുതലുള്ള എല്ലാവരും ദേഹപരിശോധനക്ക് വിധേയരാകണമെന്നും, ഒറ്റപ്പാലം നഗരസഭയും, താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തുന്ന കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞത്തിന് എല്ലാവരുടെയും സഹകരണവും, പങ്കാളിത്തവും ഉണ്ടാകണമെന്നും, ഒറ്റപ്പാലം നഗരസഭ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."