മലയോര റെയില്‍വേ പദ്ധതി ഇന്നും കടലാസില്‍
കുറ്റിച്ചല്‍ :റെയില്‍വേയുടെ സാന്നിധ്യമില്ലാത്ത മലയോര മേഖലയില്‍ അതിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ മലയോര റെയില്‍വേ പദ്ധതി ഇന്നും വാക്കായി നില്‍ക്കുന്നു.
മെട്രോ പദ്ധതി വന്ന സാഹചര്യത്തില്‍ ഇതിന്റെ സ്വപ്നവും കാത്തിരിക്കുകയാണ് നിവാസികള്‍. 1982 ല്‍ റയില്‍വേ മന്ത്രാലയം മലയോര റെയില്‍പാതക്ക് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു നടത്തിയെങ്കിലും തുടര്‍ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. റെയില്‍പാത നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ മലയോര നിവാസികള്‍ നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് സാധ്യത പഠിക്കാന്‍ സംഘമെത്തി റെയില്‍പാതയുടെ രൂപരേഖ തയാറാക്കുകയും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. ചെങ്കോട്ടയില്‍ നിന്നും തുടങ്ങി ആര്യങ്കാവ് വഴി പാലോട്, നെടുമങ്ങാട്, കുറ്റിച്ചല്‍, കാട്ടാക്കട വഴി നെയ്യാറ്റിന്‍കരയിലോ ബാലരാമപുരത്തുള്ള റെയില്‍വേയുമായി ബന്ധിപ്പിച്ച് അത് കന്യാകുമാരിയില്‍ എത്തിക്കുക എന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.
കന്യാകുമാരിയില്‍ തിരുവനന്തപുരം നെടുമങ്ങാട് ആര്യങ്കാവ് ചെങ്കോട്ട മലയോര റെയില്‍പാത സ്ഥാപിക്കണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ. ഇത് റെയില്‍വേ ശരി വെക്കുകയും അതിനായി നടപടികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശവും നല്‍കി.
എന്നാല്‍ തുടക്കത്തിലെ വേഗത പിന്നീട് കുറയുകയും അത് നിലച്ച മട്ടിലായിരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ പാത യാഥാര്‍ഥ്യമാകുന്നതോടെ നാഗര്‍കോവില്‍ തെങ്കാശി യാത്രക്കാര്‍ക്ക് സമയ ദൂര പരിധി നേര്‍ പകുതിയാകുമെന്നും അന്തര്‍ സംസ്ഥാന ചരക്കുനീക്കം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ശുപാര്‍ശയില്‍ പറയുന്നു. റയില്‍ പാതയുടെ വരവ് മലയോര മേഖലകളിലെ വിനോദ സഞ്ചാര വികസനത്തിന് വഴിയൊരുക്കും. ഈ പദ്ധതി നിലവില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ഗതാഗതം ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചം നാടിനുണ്ടാകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറും. തിരുവനന്തപുരം ആര്യങ്കാവ് റയില്‍ പദ്ധതി യാഥാര്‍ത്യമാകുമ്പോള്‍ കമ്പോള വിപണിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കും. മാത്രമല്ല മറ്റുമേഖലകളും ഇതോടൊപ്പം വളരും. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും.
ഈ പദ്ധതി നടപ്പിലാകുന്നതോടെ മലയോര വികസനം ത്വരിതപ്പെടുമെന്നാണ് മലയോര നിവാസികള്‍ കരുത്തുന്നത് . അരുവിക്കര, പേപ്പാറ, നെയ്യാര്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ , വലിയമല ബഹിരാകാശ ഗവേഷണ കേന്ദ്രം, അന്താരാഷ്ട്ര പ്രസിദ്ധമായ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാലോട് നവോദയ വിദ്യാലയം, പാലോടിന്റെ തന്നെ ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം, തെന്മല ഇക്കോ ടൂറിസം സെന്റര്‍, മീന്‍മുട്ടി ഇക്കോ ടൂറിസം സെന്റര്‍, അന്തര്‍ സംസ്ഥാന പ്രസിദ്ധമായ കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രം, ചന്ദനക്കാവ് പള്ളി എന്നിവിടങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരുവാനും മലയോര റയില്‍വേ പാത ഉപകരിക്കുമെന്നുള്ളതും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.
സംസ്ഥാന സിരാകേന്ദ്രമായ തിരുവനന്തപുരം നഗരത്തിലേക്കും നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലേക്കും ആവശ്യമായ ഭക്ഷ്യ സാധനങ്ങളും പച്ചക്കറികളും മറ്റ് ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും ചെങ്കോട്ട തെങ്കാശി എന്നിവിടങ്ങളില്‍ നിന്നെത്തിക്കുവാന്‍ വ്യാപാരികളും കര്‍ഷകരും ലോറികളെയും ട്രക്കുകളെയും ആശ്രയിച്ചു റോഡുമാര്‍ഗമാണ് സ്ഥലത്തെത്തിക്കുന്നത്. ഇതുമൂലം ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികള്‍ക്കും ഉപഭോക്താക്കളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."