സന്നിധാനത്ത് അറസ്റ്റ് ചെയ്തത് സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയവരെ: മുഖ്യമന്ത്രി
കോഴിക്കോട്: സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് കഴിഞ്ഞ ദിവസം ചിലര്‍ എത്തിയതെന്നും ഇതിനാലാണ് പൊലിസിന് അറസ്റ്റിലേക്ക് നീങ്ങേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 55ാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നിലപാട് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടും സന്നിധാനത്തെ സംഘര്‍ഷ ഭരിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചിലരെത്തിയത്. അതിന്റെ പ്രശ്‌നങ്ങളാണ് അവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍.എസ്.എസ് തീരുമാനമെടുത്തിരുന്നു. അതിനുവേണ്ടി ചിലരെത്തി. അവര്‍ ഭക്തരായിരുന്നില്ല. നേരത്തെയും പ്രശ്‌നമുണ്ടാക്കിയത് ഇവരാണ്. എന്നാല്‍ അതിനനുവദിച്ചില്ല. അതാണ് ചിലരെ ചൊടിപ്പിച്ചത്. സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. സുപ്രിം കോടതി ഉത്തരവ് അനുസരിക്കുകയാണുണ്ടായത്. ഇനി കോടതി മാറ്റിപ്പറഞ്ഞാല്‍ അതും ചെയ്യും. ശബരിമല വിഷയത്തില്‍ നിഷ്പക്ഷ നിലപാട് എന്നൊന്നില്ല. എന്നാല്‍ ഈ സന്ദേശം ശരിയായ രീതിയില്‍ നല്‍കുന്നതിനാണോ മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികളാണ് ഈ സമൂഹത്തില്‍ കൂടുതല്‍. എന്നാല്‍ തന്റെ വിശ്വാസം മാത്രമേ മറ്റുള്ളവര്‍ക്കും പാടുള്ളൂ എന്ന് ശഠിക്കാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്ത്രീകളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇന്നത്തെ കേരളം യാദൃശ്ചികമായി സംഭവിച്ചതല്ല. ഒരു കൂട്ടരൊഴികെ എല്ലാവരും ഈ നവോത്ഥാനത്തില്‍ പങ്കുവഹിച്ചു. ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിച്ചവരാണ് പുറം തിരിഞ്ഞു നിന്നത്. അവര്‍ എല്ലാ മാറ്റത്തെയും എതിര്‍ത്തിട്ടുണ്ട്. ജാതീയമായ അടിമത്വവും ജീര്‍ണമായ ആചാരങ്ങളും നിലനില്‍ക്കണമെന്ന് ഇവര്‍ ആഗ്രഹിച്ചു. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. ത്യാഗനിര്‍ഭരമായ ഇടപെടലിലൂടെയാണ് നമ്മള്‍ നമ്മളായത്. ആ നവോത്ഥാനത്തെയാണ് ഇവര്‍ ഇരുണ്ട കാലത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നും അതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."