മുറികിട്ടാതെ പെയ്‌സ്; താന്‍ ചൊവ്വയില്‍നിന്ന് വന്നതാണോ എന്ന് ചോദ്യം
ഒളിംപിക്‌സ് ഉദ്ഘാടനം കഴിഞ്ഞു. ഇനി ആവേശപ്പോരാട്ടങ്ങളുടെ ദിനങ്ങള്‍. ആദ്യ ദിനത്തില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യയും ഇറങ്ങുന്നുണ്ട്. ടെന്നീസാണ് അതില്‍ പ്രധാനം. പക്ഷേ മത്സരം തുടങ്ങും മുന്‍പ് പാളയത്തില്‍ പട എന്ന് പറഞ്ഞപോലെ ഡബിള്‍സ് ടീമില്‍ അടി തുടങ്ങി കഴിഞ്ഞു.
ലിയാന്‍ഡര്‍ പെയ്‌സാണ് സംഭവത്തിലെ വിവാദനായകന്‍. ചരിത്രം തീര്‍ത്ത് ഏഴാം ഒളിംപിക്‌സിനെത്തിയ പെയ്‌സിന്റെ വ്യക്തിത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നത്. പെയ്‌സ് റിയോയിലെത്താന്‍ വൈകിയത് സംബന്ധിച്ചാണ് പ്രശ്‌നങ്ങളുണ്ടായത്. ഓഗസ്റ്റ് ഒന്നിന് റിയോയിലെത്തേണ്ടിയിരുന്ന പെയ്‌സ് പക്ഷേ വന്നില്ല.
ഇതോടെ പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ മമ്മൂട്ടിക്ക് പദ്മശ്രീ നഷ്ടപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കളിയാക്കിയപ്പോലെ പെയ്‌സ് എത്തിയോ, പെയ്‌സുണ്ടാവുമോ എന്നൊക്കെയറിയാന്‍ പലരും അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനിലേക്ക് ഫോണ്‍ വിളി തുടങ്ങിയെന്നും അഭ്യൂഹമുണ്ട്.
സംഗതി എന്തു തന്നെ ആയാലും വിവാദങ്ങള്‍ക്കൊന്നും മറുപടി ഉണ്ടായില്ല. പക്ഷേ പാവം രോഹന്‍ ബൊപ്പണ്ണയുടെ കാര്യമാണ് കഷ്ടത്തിലായത്. ഡബിള്‍സ് പങ്കാളിയായി പെയ്‌സിനെ വേണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ അഖിലേന്ത്യാ അസോസിയേഷന്‍ അതിന് പുല്ലുവിലയാണ് നല്‍കിയത്. റിയോയിലെത്തിയ ബൊപ്പണ്ണ പരിശീലനം ആരംഭിച്ചു. എന്നാല്‍ ഡബിള്‍സ് പങ്കാളിയെ മാത്രം ലഭിച്ചില്ല. ഒടുവില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം കുറച്ചു പരിശീലനം നടത്തി. എന്നാല്‍ വൈകാതെ തന്നെ സാനിയ തന്റെ പങ്കാളിക്കൊപ്പം പരിശീലനത്തിന് പോയി. ഇതോടെ ബൊപ്പണ്ണ വീണ്ടും കുരുക്കിലായി.
പക്ഷേ ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന ലൈനിലായിരുന്നു ബൊപ്പണ്ണ. നേരെ പോയി സെര്‍ബിയന്‍ താരങ്ങളോട് കൂട്ടുകൂടി.
നമ്മുടെ നാട്ടിലൊക്കെ ഒരു ടീമില്‍ നിന്ന് പുറത്തായാല്‍ എതിര്‍ ടീമില്‍ പോയി ചേരുന്ന സ്‌റ്റൈലായിരുന്നു താരം പരീക്ഷിച്ചത്. എന്തായാലും ആളു ബുദ്ധിമാനാണ് ബൊപ്പണ്ണ. മറ്റു രാജ്യങ്ങളിലുള്ള താരങ്ങള്‍ക്കൊപ്പം കോര്‍ട്ടില്‍ പരിശീലനം നടത്തി ബൊപ്പണ്ണ മാതൃകയായി. താരത്തിന്റെ മിടുക്ക് കണ്ടിട്ട് ഇന്ത്യയുടെ ചീഫ് ദെ മിഷന്റെ അംഗങ്ങള്‍ വരെ കണ്ണു തള്ളി ഇരുന്നു പോയി എന്നാണ് വാര്‍ത്ത.
പക്ഷേ ഇതൊക്കെ സാംപിള്‍ എന്നു പറഞ്ഞു പോലെയായിരുന്നു അടുത്ത പ്രശ്‌നം. റിയോയിലേക്ക് താന്‍ വരുമെന്നും എന്നാല്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മുറി പങ്കിടാനില്ലെന്നുമായിരുന്നു പെയ്‌സിന്റേതായി വന്ന അടുത്ത പ്രസ്താവന. ഇതോടെ ആളുകള്‍ പറഞ്ഞു തുടങ്ങി ടീമിനകത്ത് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന്. ഇരുവരും തമ്മില്‍ യോജിപ്പുണ്ടാകാതെ ഏങ്ങനെ കോര്‍ട്ടില്‍ കളിക്കുമെന്ന വിഷമത്തിലാണ് ടെന്നീസ് ഫെഡറേഷന്‍.
വിവാദം കെട്ടടങ്ങി എന്നു കരുതിയിരിക്കെ ദാ വരുന്നൂ അടുത്തത്. മുന്‍ ഇന്ത്യന്‍ താരവും ടെന്നീസ് ടീമിന്റെ കോച്ചുമായ സീഷാന്‍ അലിയുടെ ഊഴമായിരുന്നു ഇത്തവണ. പെയ്‌സിന്റെ ഈ താന്തോന്നിത്തരം അതിരുകടന്നതാണെന്നാണ് മൂപ്പരുടെ വാദം. പരിശീലനത്തിന് വേണ്ട സമയമില്ലാത്തത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയെ ഇല്ലാതാക്കുമെന്നും സീഷാന്‍ അലി പറഞ്ഞു.
ഒടുവില്‍ പറഞ്ഞു പറഞ്ഞ് വിവാദം കാടു കയറിയപ്പോള്‍ പെയ്‌സ് റിയോയിലെത്തി. പാവം തന്റെ പേരില്‍ നടക്കുന്ന പുകിലുകളൊന്നും അറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞപ്പോള്‍ പെയ്‌സ് ഞെട്ടി എന്നതാണ് വാസ്തവം.
ഉടന്‍ തന്നെ മറുപടിയും എത്തി. താന്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാലാണ് വരാന്‍ വൈകിയത്. ഇക്കാര്യം കോച്ചിനെയും അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷനെയും അറിയിച്ചിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത്തരം ദുഷ്പ്രചാരണങ്ങള്‍ വന്നതെന്ന് അറിയില്ല എന്നും പെയ്‌സ് പറഞ്ഞു. ബൊപ്പണ്ണയുമായി യാതൊരു വിധ പ്രശ്‌നവുമില്ലെന്നും കോര്‍ട്ടില്‍ മികച്ച കെമിസ്ട്രി തങ്ങള്‍ തമ്മിലുണ്ടെന്നും പെയ്‌സ് പറയുന്നു. എന്തായാലും കോര്‍ട്ടില്‍ ഇതൊക്കെ കാണുമെന്നാണ് പ്രതീക്ഷ.
പെയ്‌സ് ഇത്രയൊക്കെ പറഞ്ഞതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാസ്തവം അന്വേഷിച്ച് പരക്കം പാഞ്ഞു. ഒടുവില്‍ പെയ്‌സ് പറഞ്ഞതാണ് സത്യം എന്ന് കണ്ടെത്തുകയും ചെയ്തു.
ഇതോടെ കോച്ച് സീഷാന്‍ അലിയും കളം മാറ്റി ചവിട്ടി. തനിക്കിതൊക്കെ ആദ്യമേ അറിയാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. നിങ്ങളാണ് ഈ വിഷയം വഷളാക്കിയത് എന്ന് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറയുകയും ചെയ്തു. നോക്കണേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മൊത്തത്തില്‍ കള്ളന്‍മാരായി.
പക്ഷേ പെയ്‌സിന്റെ പ്രശ്‌നം ഇവിടം കൊണ്ടൊന്നും തീര്‍ന്നില്ല. ക്ഷീണിച്ചവശനായിട്ടാണ് പെയ്‌സ് റിയോയിലെത്തിയത്. തലചായ്ക്കാന്‍ മുറി അന്വേഷിച്ചപ്പോള്‍ താരത്തിന് മുറിയില്ലെന്ന് ഒളിംപിക് സംഘാടക സമിതി. ഇതോടെ താന്‍ ചൊവ്വയില്‍ നിന്ന് വന്നതാണോ ഇവിടെ മുറി തരാതിരിക്കാന്‍ എന്ന് പെയ്‌സ് ചോദിച്ചത്രേ.
മുറിക്ക് വേണ്ടി പരാക്രമങ്ങള്‍ കാണിച്ചെങ്കിലും കാര്യം നടന്നില്ല. ആളില്ലാത്ത മുറി തേടി നടന്നപ്പോള്‍ ഇന്ത്യന്‍ ടെന്നീസ് ടീമിന്റെ മൂന്നാമത്തെ മുറിയിലിരുന്ന് ബൊപ്പണ്ണ ചിരിച്ചിട്ടുണ്ടാവാം.
ഒടുവില്‍ ചീഫ് ദെ മിഷന്റെ തലവന്‍ രാകേഷ് ഗുപ്തയുടെ മുറിയിലാണേ്രത പെയ്‌സ് കിടന്നത്. പക്ഷേ വിമര്‍ശകരുടെ സംശയം അതല്ല. ഈ രാകേഷ് ഗുപ്ത രാത്രി എവിടെയാണോ കിടന്നത് എന്നാണ്.
ഒളിംപിക്‌സില്‍ ഇതിനു മുമ്പ് മത്സരിച്ചുട്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായിട്ടാണെന്നാണ് പെയ്‌സ് പറയുന്നത്. അതോടൊപ്പം ഈശ്വരാ ഈ വിധി ആര്‍ക്കും വരുത്തരുതേയെന്നും പെയ്‌സ് പറഞ്ഞിട്ടുണ്ടാവണം. അടുത്ത ദിവസം ബൊപ്പണ്ണയോടൊപ്പം പരിശീലനം നടത്തി എല്ലാ വിവാദങ്ങളെയും ഇല്ലാതാക്കിയ പെയ്‌സ് ആത്മവിശ്വാസത്തോടെ ഇന്ന് കളത്തിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."