മാവോയിസ്റ്റ് വേട്ട, കുത്തഴിഞ്ഞ് ആഭ്യന്തരവകുപ്പ്: കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേരാത്ത നടപടികളുമായി വീണ്ടും പിണറായി സര്‍ക്കാരെന്ന് പാര്‍ട്ടിക്കകത്തുതന്നെ വിമര്‍ശനം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് ആഭ്യന്തര വകുപ്പാണെന്ന് വീണ്ടും തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് ആരോഗ്യമന്ത്രി പി.കെ ശൈലജയെ മുഖ്യമന്ത്രി കസേരയിലിരുത്തി പിണറായി വിജയനോട് മാറി നില്‍ക്കാന്‍ വരേ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ മാറ്റം കേരളത്തിലുണ്ടാകുമെന്നായിരുന്നു ചലച്ചിത്രതാരവും ആക്ടിവിസ്റ്റുമായ ജോയി മാത്യുവിന്റെ പ്രതികരണം.
തൊടുന്നിടത്തെല്ലാം പ്രശ്‌നങ്ങള്‍. തീരുമാനങ്ങളെല്ലാം അബദ്ധങ്ങള്‍. പൊലിസിനെ കയറൂരിവിട്ടതിലൂടെയുള്ള ചീത്തപ്പേരുകള്‍. ജീവന്‍കൊണ്ടു പന്താടുന്ന പൊലിസ്. ലോക്കപ്പ് മര്‍ദനങ്ങള്‍, പൊലിസ് നരനായാട്ട്. എല്ലാത്തിനും പുറമേ മാവോയിസ്റ്റ് വേട്ടകളുടെയും കാലം.
രണ്ടുവര്‍ഷത്തിനിടെ മൂന്ന് മാവോയിസ്റ്റ് വേട്ടകളാണ് പിണറായി സര്‍ക്കാറിന്റെ കാലത്തുണ്ടായത്. കൊല്ലപ്പെട്ടത് ഏഴ് പേര്. എല്ലാവരും സംഘടനയിലെ പ്രമുഖരും. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം വേട്ടകള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
മാവോയിസം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ഏകപക്ഷീയ ഏറ്റമുട്ടല്‍ കൊലകളെയാണ് പൊതുസമൂഹവും മനുഷ്യാവകാശ സംഘടകളും ചോദ്യം ചെയ്യുന്നത്.
നിലമ്പൂര്‍ കരുളായിയിലും ലക്കിടി റിസോര്‍ട്ടിലും നടന്ന കൊലപാതകങ്ങളിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഈ സംശയങ്ങള്‍ക്ക് ബലമേകുന്നതാണ്. മാവോയിസ്റ്റുകളെ നേരിടേണ്ട വിധം സംബന്ധിച്ച് ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത പാലക്കാട്ടെ ഏറ്റുമുട്ടലോടെ കൂടുതല്‍ രൂക്ഷമാവുകയാണ്. നിലമ്പൂരിലെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, മാവോയിസത്തിന്റെ വേരുകള്‍ ഇവിടെ കൂടുതല്‍ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവുകൂടിയാണ് ഈ ഏറ്റുമുട്ടലുകള്‍ നല്‍കുന്ന സൂചന.
പൊലിസ് വേട്ടക്കെതിരേ ഇന്നലെതന്നെ കോണ്‍ഗ്രസ് എം.പി വി.കെ ശ്രീകണ്‍ഠന്‍ രംഗത്തെത്തിയിരുന്നു. വാളയാര്‍ സംഭവത്തില് നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയും സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ല. ഞങ്ങള്‍ അവരെ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കളായാണ്.
മാവോയിസ്റ്റ് രാഷ്ട്രീയത്തിനു കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അത് പരിഹരിക്കാമെന്ന വഴി കണ്ടു പിടിച്ചത് കോണ്‍ഗ്രസും ബി.ജെ.പിയും ആണ്. സി.പി.ഐയും സി.പി.എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല.
ഇതൊന്നും മനസിലാകാത്ത കുറേപ്പേര്‍ കേരള പൊലിസിലുണ്ട്. അവര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലിസ് നയത്തിന് കളങ്കം ചാര്‍ത്തുന്നു.
ഇടക്കിടെയുണ്ടാകുന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ക്കുന്ന തണ്ടര്‍ബോള്‍ട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ പഠിപ്പിച്ചേ തീരൂ. മുട്ടിനു താഴെ വെടിവച്ചു കൂടെന്ന് ഏത് മാനുവല്‍ ആണ് തണ്ടര്‍ബോള്‍ട്ടിനെ പഠിപ്പിച്ചത്. ഇടത് പക്ഷ സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്ക് പ്രത്യേക മാനുവല്‍ ഉണ്ടോ? എന്നും ബിനോയ് വിശ്വം ചോദിക്കുന്നു.
ഇടതുപക്ഷ സര്‍ക്കാരിന്റെ നയം ഉള്‍ക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിര്‍ത്താന്‍ പിണറായി വിജയന്‍ നയിക്കുന്ന ഗവണ്മെന്റിനു കെല്‍പ്പുണ്ട്. എന്നും അദ്ദേഹം പറയുമ്പോള്‍ മുഖ്യമന്ത്രിക്കുനേരെ ഉയരുന്ന ചൂണ്ടുവില്‍ കൂടിയാണത്.
2016 നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ്, അജിത പരമേശ്വരന്‍ എന്നിവര്‍ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇരുവരുടേയും ശരീരത്തില്‍ 26 വെടിയുണ്ടകള്‍ ഉണ്ടെന്നായിരുന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഒരുപാട് ദൂരെ നിന്നല്ല ഇവര്‍ക്ക് വെടിയേറ്റത് എന്നായിരുന്നു മറ്റൊരു ഫോറന്‍സിക് നിരീക്ഷണം.
നജീവനോടെ പിടികൂടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും അസുഖ ബാധിതരായ ഇവരെ പോലീസ് നിര്‍ദയം വെടിവെച്ചു കൊല്ലുകയായിരുന്നെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. നിലമ്പൂരില്‍ നടന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേരാത്ത നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് വിമര്‍ശിച്ചിരുന്നു. വെടിവെച്ച് കൊന്നത് തെറ്റാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
2019 മാര്‍ച്ച് ഏഴിനാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടക്കുന്നത്. ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റായ സിപി ജലീലാണ് കൊല്ലപ്പെട്ടത്. പൊലിസ് വാദങ്ങളെ തള്ളി റിസോര്‍ട്ട് മാനേജര്‍ രംഗത്തെത്തി. ഇപ്പോള്‍ രണ്ടു വെടിവെപ്പുകളിലായി നാലുപേരും കൊല്ലപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേരാത്ത നടപടികള്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍ ഇതുവരേ സ്വീകരിച്ചത്. ഇനി സ്വീകരിക്കുന്നതും. അതുതന്നെയാണ് വ്യക്തമാകുന്നത്. ഇരട്ട ചങ്ക് മൈക്കിനുമുമ്പില്‍ മാത്രമേയുള്ളൂവെന്നും പച്ച മനുഷ്യരോട് കയര്‍ക്കുവാനേ ഈ ദാര്‍ഷ്ട്യം കൊണ്ടുപകരിക്കൂ എന്ന് വീണ്ടും തെളിയിക്കുകയാണ്. പിണറായി വിജയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."