ഫയര്‍ ഫോഴ്സിന്റെ ആധുനികവല്‍ക്കരണത്തിന് പ്രാമുഖ്യം: മുഖ്യമന്ത്രി പിണറായി വിജയന്
കൊയിലാണ്ടി: ഫയര്‍ ഫോഴ്സിന്റെ ആധുനികവല്‍ക്കരണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ വിഭവശേഷി പോലെ ആധുനിക ഉപകരണങ്ങളും സേനയ്ക്ക് പ്രധാനമാണ്. സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല.
അതിനു നല്ല മുന്‍തൂക്കം കൊടുക്കാനാണ് സര്‍ക്കാര്‍ ആദ്യബജറ്റില്‍ 39 കോടി രൂപ അനുവദിച്ചത്. ഇതിലൂടെ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെ കുറവ് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബഹുനില കെട്ടിടങ്ങളില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള പ്രത്യേക കോണി വാങ്ങാന്‍ 12 കോടി രൂപ വകയിരുത്തി. കേന്ദ്ര ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയില്‍നിന്ന് 10 കോടി രൂപ നേടി സേനയ്ക്ക് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കാന്‍ സാധിച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സിനെ കൂടുതല്‍ കരുത്തുറ്റതാക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നത് ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സാണ്. എന്നാല്‍ കാട്ടുതീ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മനുഷ്യ സാധ്യമായ ഇടപെടല്‍ മാത്രം മതിയാവില്ല. അതിനാവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജീവാര്പ്പണത്തിന് സന്നദ്ധരായാണ് ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സ് അംഗങ്ങള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നത്. ഉന്നതമായ ഈ മനുഷ്യ സ്നേഹത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ല. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ഒന്നും നോക്കാതെ എടുത്തുചാടുന്നവരില് നാട്ടുകാരുമുണ്ട്. കോഴിക്കോട്ടെ നൗഷാദിന്റെ അനുഭവം ഓര്‍മയില്‍ വരുമ്പോഴെല്ലാം ഒരേസമയം നടുക്കവും അഭിമാനവും ഉണ്ടാകുന്നു. ആരാണെന്ന് പോലും അറിയാത്തവരെ രക്ഷിക്കാന്‍ ആ ചെറുപ്പക്കാരന് നടത്തിയ ധീരോദാത്ത ശ്രമത്തിനിടെയാണ് ജീവന് പൊലിഞ്ഞതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്ത എം.എല്‍.എയെയും സ്ഥലം ലഭ്യമാക്കാന്‍ സത്വര നടപടി സ്വീകരിച്ച നഗരസഭാ ചെയര്‍മാനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കെ. ദാസന് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ സി.കെ നാണു, പുരുഷന് കടലുണ്ടി, നഗരസഭാ ചെയര്മാന് അഡ്വ. കെ. സത്യന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, പയ്യോളി നഗരസഭാ ചെയര്പേഴ്സന് അഡ്വ. പി. കുല്‍സു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അശോകന് കോട്ട് (ചേമഞ്ചേരി), കൂമുള്ളി കരുണാകരന് (ചെങ്ങോട്ടുകാവ്), ഷീജ പട്ടേരി (മൂടാടി), സി. ഹനീഫ (തിക്കോടി), കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്പേഴ്സന് വി.കെ പത്മിനി സംസാരിച്ചു.
ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന് സ്വാഗതവും ടെക്നിക്കല്‍ ഡയറക്ടര്‍ ഇ.ബി പ്രസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."