വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മടിക്കൈയിലെ സോളാര്‍ പാര്‍ക്കിനെതിരേ സി.പി.എം പ്രക്ഷോഭത്തിലേക്ക്
കാഞ്ഞങ്ങാട്: മടിക്കൈ കാരാക്കോട്ടെ സോളാര്‍ പാര്‍ക്കിനെതിരേ സി.പി.എം പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. കമ്പനി നല്കിയ വാഗ്ദാനം പാലിക്കാത്തതിനെതിരേ ഈ മാസം 23 ന് സോളാര്‍ പാര്‍ക്ക് കാഞ്ഞങ്ങാട് സൗത്തിലെ ഓഫിസിലേക്ക് അമ്പലത്തുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. യു. ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 400 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം സോളാര്‍ പാനല്‍ സ്ഥാപിക്കുകയും സബ് സ്റ്റേഷന് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
സ്ഥലം ഏറ്റെടുക്കുമ്പോള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളും ഗ്രൗണ്ടുകളും നവീകരിക്കുമെന്ന് കമ്പനി വാഗ്ദത്തം ചെയ്തിരുന്നു. കൂടാതെ തദ്ദേശിയര്‍ക്ക് ജോലി നല്‍കുമെന്നും പറഞ്ഞിരുന്നതാണ്. എന്നാല്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ഏകദേശം തീരാറായിട്ടും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ അധികൃതര്‍ തയാറാവാത്തതാണ് പാര്‍ക്കിനെതിരെ സമരം സംഘടിപ്പിക്കാനൊരുങ്ങുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി. പ്രഭാകരന്, ഏരിയ കമ്മിറ്റി അംഗം ശശീന്ദ്രന് മടിക്കൈ, ബ്ലോക്ക് പഞ്ചായത്ത് മെംപമാരായ എം. കുഞ്ഞമ്പു, വി. ബാലന്, കെ .നാരായണന്, രതീഷ് കുണ്ടറ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."