ജയിക്കുംതോറും തോല്‍ക്കുന്നവര്‍
രണ്ടു ചോദ്യങ്ങള്‍:
1) പരാജയപ്പെട്ടാല്‍ അയാള്‍ പരാജയപ്പെടും. മറ്റൊരാളെ പരാജയപ്പെടുത്തിയാലും പരാജയപ്പെടുന്നത് അയാള്‍ തന്നെ. ആരാണാ ദയനീയ പരാജിതന്‍?
2) രണ്ടുപേര്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലില്‍ ആരു തോറ്റാലും രണ്ടുപേരും തോല്‍ക്കും. ട്രോഫി കൊണ്ടുപോകുന്നത് ഗാലറിയിലിരുന്നു കൈയടിച്ച ആളായിരിക്കും. ഏതാണ് ആ ഏറ്റുമുട്ടല്‍? ആരാണ് ആ കൈയടിക്കാരന്‍?
ഉത്തരം നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ വിട്ടുകളയുക. നമുക്കു വിഷയത്തിലേക്കു വരാം:
'നീയാരെടാ?' എന്നു ചോദിച്ചവനോട് 'നീ പോടോ' എന്നു പറയുന്നത് ആണത്തമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരടിക്കു പത്തടി എന്ന അനുപാതത്തില്‍ തിരിച്ചടി കൊടുക്കുന്നതു മിടുമിടുക്കായി വിലയിരുത്തപ്പെടാറുണ്ട്. പേടിപ്പിച്ചവനെ തിരിച്ചു പേടിപ്പിക്കുന്നതോടൊപ്പം പീഡിപ്പിക്കുക കൂടി ചെയ്യുന്നത് ഉശിരായി വിധിക്കപ്പെടാറുണ്ട്. പക്ഷെ, ഇവിടെ ആരു ജയിക്കുന്നുവെന്നൊരു ചോദ്യം പ്രസക്തമായി നിലകൊള്ളുകയാണ്. 'നീയാരെടാ' എന്നു ചോദിച്ചവനാണോ അതോ 'നീ പോടോ' എന്നു മറുപടി കൊടുത്തവനാണോ ജയിക്കുന്നത്? ഒരടി കൊടുത്തവനാണോ അതോ പലിശ സഹിതം അതിനു പത്തടി തിരിച്ചുകൊടുത്തവനാണോ വിജയി?
പിശാച് തോറ്റുതുന്നംപാടിയ അനേകമനേകം സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ടല്ലോ. അതിലൊന്നു പറയാം: സ്വൂഫിയായ ഇബ്‌റാഹീം ഇബ്‌നു അദ്ഹമിനോട് ഒരാള്‍ ചോദിച്ചു: ''ഈ ലോകത്തു താങ്കള്‍ എപ്പോഴെങ്കിലും സന്തോഷിച്ചിട്ടുണ്ടോ?''
അദ്ദേഹം പറഞ്ഞു: ''ഉണ്ട്, രണ്ടു തവണ സന്തോഷിച്ചിട്ടുണ്ട്. ഒന്ന്: ഞാനൊരിക്കല്‍ ഒരിടത്തിരിക്കുകയായിരന്നു. അപ്പോള്‍ ഒരാള്‍ എന്റെ അടുക്കലേക്കു വന്ന് എന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചു. രണ്ട്: ഞാനൊരിക്കല്‍ ഒരിടത്തിരിക്കുമ്പോള്‍ ഒരാള്‍ വന്ന് എന്റെ ചെകിടത്തടിച്ചു.! ഈ രണ്ടനുഭവങ്ങളും ജീവിതത്തില്‍ സന്തോഷദായകങ്ങളായിരുന്നു.''(ഖസ്വസ്വുല്‍ അറബ്)
എന്തു സഹിച്ചാലും സഹിക്കാന്‍ കഴിയാത്ത രണ്ടനുഭവങ്ങളാണ് തന്റെ ദേഹത്തേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നതും ചെകിടത്തടിക്കുന്നതും. അതിനു പലിശസഹിതം തിരിച്ചടി കൊടുത്തിട്ടേ ആര്‍ക്കും അന്ന് ഉറക്കംവരികയുള്ളൂ. എന്നാല്‍ അദ്ഹമിന്റെ പുത്രന്‍ ഈ പൊതുസ്വഭാവം തിരുത്തിക്കുറിച്ചു ചരിത്രം സൃഷ്ടിച്ചു. അതുവഴി പിശാചിനെ തോല്‍പിക്കുകയും ചെയ്തു.
ചെകിടത്തടിച്ചവനെ തിരിച്ചു ചെകിടത്തടിക്കാന്‍ ആര്‍ക്കും കഴിയും. പക്ഷെ, ചെകിടത്തടിച്ചവന്റെ കൈ ഉഴിഞ്ഞുകൊടുക്കാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിയൂ. കാരണം, ആദ്യത്തേതിന് അക്ഷമ മതി. രണ്ടാമത്തേതിനു ക്ഷമയാണാവശ്യം. അക്ഷമ അധ്വാനമില്ലാതെ ലഭിക്കുന്നതാണ്. ക്ഷമ അധ്വാനിച്ചുകിട്ടുന്നതാണ്. തന്റെ ദേഹത്ത് മൂത്രമൊഴിച്ചപ്പോഴും ചെകിടത്തടി കൊണ്ടപ്പോഴും ക്ഷമ എന്ന അപൂര്‍വസിദ്ധി തന്നെ കൈവിട്ടുപോയില്ലല്ലോ, പ്രതിസന്ധികളെ നേരിടാന്‍ തനിക്കു കരുത്തുണ്ടല്ലോ എന്നോര്‍ത്തപ്പോഴാണ് ഇബ്‌നു അദ്ഹമിന്റെ മനം ആനന്ദതുന്ദിലമായത്. ചെകിടത്തടിയെ ചെകിടത്തിടി കൊണ്ട് മറുപടി കൊടുത്താല്‍ അടിച്ചവനും തിരിച്ചടിച്ചവനും ജയിക്കുന്നില്ല. രണ്ടുപേരും പരാജയപ്പെടുന്നു. പകരം, വിജയിക്കുന്നതു പിശാചാണ്. അടിക്കലും തിരിച്ചടിക്കലുമാണ് അവന്റെ ആവശ്യം. തുടക്കത്തില്‍ കൊടുത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍ക്കു മനസിലായിത്തുടങ്ങിയിട്ടുണ്ടാകുമെന്നു കരുതുകയാണ്.
തന്നെ ചീത്ത പറഞ്ഞവനെ തിരിച്ചും ചീത്ത പറഞ്ഞാലേ പലര്‍ക്കും സമാധാനമാവുകയുള്ളൂ. ശരിക്കും അവിടെ സമാധാനമല്ല, സമാധാനക്കേടാണുണ്ടാകേണ്ടത്. കാരണം, ആക്ഷേപങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കാന്‍ മാത്രം കരുത്തില്ലാത്ത ദുര്‍ബലമനസാണല്ലോ തന്റെതെന്ന ചിന്തയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ഭരിക്കേണ്ടത്. ഞാന്‍ തിരിച്ചു ചീത്തപറയുമ്പോള്‍ സന്തോഷിക്കുന്നത് തന്റെ സൃഷ്ടവല്ല, പകരം തന്റെ വലിയ ശത്രുവായ പിശാചാണെന്ന ബോധമാണ് ഉയരേണ്ടത്. ചീത്ത വാക്കുകളെ മൗനം കൊണ്ടോ നല്ല വാക്കുകള്‍ കൊണ്ടോ ആണു നേരിടുന്നതെങ്കില്‍ അവിടെ ഒരാള്‍ക്കു സന്തോഷിക്കുകയും സമാധാനിക്കുകയുമാകാം. കാരണം, തന്റെ മനസ് ദുര്‍ബലമല്ല, കരുത്തുറ്റതാണെന്ന ബോധം അയാള്‍ക്കുണ്ടാകും. തന്റെ നടപടി ശത്രുവായ പിശാചിനെ ദുഃഖിപ്പിക്കുകയും മിത്രമായ സ്രഷ്ടാവിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതായല്ലോ എന്ന ചിന്ത അയാള്‍ക്കുണ്ടാകും.
തിരിച്ചടിയിലൂടെ തന്റെ ചെറിയ ശത്രുവിനെ തോല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ താനല്ല, തന്റെ വലിയ ശത്രുവാണു ജയിക്കുന്നതെന്ന ബോധം നമ്മെ കൈവിടാന്‍ പാടില്ല. നമ്മള്‍ യുദ്ധം ചെയ്യുക, യുദ്ധം ചെയ്യാതെ കൈയുംകെട്ടി നോക്കിനില്‍ക്കുന്ന ശത്രു വിജയിക്കുക, യുദ്ധം ചെയ്ത നാം പരാജയപ്പെടുക! ഓര്‍ത്തുനോക്കൂ, ഇതെത്ര വലിയ ദയനീയ സ്ഥിതിയാണ്. ഇത്തരം വിചിത്രയുദ്ധത്തിനു നില്‍ക്കുന്നതിനെക്കാള്‍ അതില്‍നിന്നു പിന്മാറുന്നതല്ലേ ബുദ്ധി? വലിയ ശത്രുവായ പിശാച് നമ്മോടൊപ്പം യുദ്ധത്തിനില്ല. അവന്‍ ഗാലറിയിലിരുന്നു നമ്മുടെ 'വിജയിക്കാന്‍' വേണ്ടിയുള്ള 'പരാജയശ്രമങ്ങള്‍' ആസ്വദിക്കുകയാണ്. ഒടുവില്‍ രണ്ടാലൊന്നു സംഭവിക്കും. ഒന്നുകില്‍ ചെറിയ ശത്രു നമ്മെ പരാജയപ്പെടുത്തും. അല്ലെങ്കില്‍ നാം അയാളെ പരാജയപ്പെടുത്തും.
ചെറിയ ശത്രു ജയിച്ചാല്‍ ഒപ്പം വലിയ ശത്രുവും ജയിക്കും. കാരണം, ചെറിയ ശത്രു ജയിക്കുന്നതും വലിയ ശത്രുവിനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. അടിക്കു തിരിച്ചടി കൊടുത്തപ്പോള്‍ അതിലേറെ ശക്തിയോടെ ചെറിയ ശത്രു നമ്മെ തിരിച്ചടിച്ചുവെന്നു കരുതുക. പിന്നീടൊരു തിരിച്ചടിക്കു കഴിയാത്തവിധം നാം തളര്‍ന്നു. ഇവിടെ പിശാച് സന്തോഷിക്കില്ലേ. നമ്മെ പരാജയപ്പെടുത്തിയ ശത്രുവിനും സന്തോഷമുണ്ടാകില്ലേ. രണ്ടു ശത്രുക്കള്‍ ജയിക്കുകയും നാം പരാജയപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇതുവഴിയുണ്ടാവുക. അതോടെ, നമ്മുടെ മാനം പോകും. ക്ഷമയും കരുത്തുമില്ലാത്തവനാണെന്നു തെളിയിക്കപ്പെടുകയും ചെയ്യും. സമാധാനക്കേടിനു മറ്റൊരിടത്തും പോകേണ്ടി വരില്ല.
ഇനി നാം ചെറിയ ശത്രുവിനെ പരാജയപ്പെടുത്തിയെന്നു വയ്ക്കുക. പരാജയപ്പെടുത്തുന്നതുകൊണ്ടു നാം വിജയിക്കുന്നില്ല. അപ്പോഴും വിജയിക്കുന്നത് വലിയ ശത്രുവാണ്. കാരണം, അടിക്കു തിരിച്ചടി കൊടുക്കുക വഴി നാം സ്രഷ്ടാവിനെയല്ല, പിശാചിനെയാണു തൃപ്തിപ്പെടുത്തിയിരിക്കുന്നത്. മിത്രമായ സ്രഷ്ടാവ് നിര്‍ദേശിച്ചതു ക്ഷമയവലംബിക്കാനാണ്. ശത്രുവായ പിശാച് നിര്‍ദേശിച്ചുതന്നത് അക്ഷമ കാണിക്കാനും. നാം പിശാചിന്റെ വാക്കു മാനിച്ചു തിരിച്ചടി നല്‍കുമ്പോള്‍ പിശാച് ജയിക്കുന്നു; സ്രഷ്ടാവിനെ അനുസരിക്കാതിരിക്കുക വഴി നാം പരാജയപ്പെടുന്നു. അപ്പോള്‍ നമ്മുടെ പരാജയപ്പെടലും പരാജയപ്പെടുത്തലും വലിയ ശത്രുവിന്റെ വിജയത്തിലാണ് കലാശിക്കുന്നത്.
പരാജയപ്പെട്ടാല്‍ എന്തായാലും പരാജയപ്പെട്ടു. പരാജയപ്പെടുത്തിയാലും പരാജയപ്പെടുന്ന അവസ്ഥ! വിജയം തീരെയില്ല. പരാജയപ്പെട്ടാല്‍ ചെറിയ ശത്രുവും വലിയ ശത്രുവും ജയിക്കുന്നു. പരാജയപ്പെടുത്തിയാലോ വലിയ ശത്രു ജയിക്കുന്നു; നമ്മളും ചെറിയ ശത്രുവും പരാജയപ്പെടുന്നു. രണ്ടിലും വലിയ ശത്രുവിനാണു ജയം. എന്തൊരു വൈചിത്ര്യം..! തിന്മയെ തിന്മ കൊണ്ടു നേരിടുമ്പോള്‍ സംഭവിക്കുന്നതിതാണ്.
ചെറിയ ശത്രുവിനെയും വലിയ ശത്രുവിനെയും തോല്‍പിച്ചു വിജയക്കിരീടം ചൂടാന്‍ ഒന്നേ മാര്‍ഗമുള്ളൂ; തിന്മയെ നന്മ കൊണ്ടു നേരിടുക. ചരിത്രത്തില്‍ ഇബ്‌നു അദ്ഹം വിജയകിരീടം ചൂടിനില്‍ക്കുന്നതതുകൊണ്ടാണ്. ഖുര്‍ആന്‍ പറഞ്ഞു: ''നല്ലതും ചീത്തയും തുല്യമാകില്ല; അത്യുത്തമമായതുകൊണ്ടു തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശാത്രവമുണ്ടോ അവന്‍ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ. മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല.(41: 34, 35)
വലിയ ശത്രു മുന്നിലുണ്ടാകുമ്പോള്‍ ചെറിയ ശത്രുവിനു പിന്നാലെ പോകരുത്. സിംഹം അടുത്തുണ്ടായിരിക്കെ കൊതുകിനെ കൊല്ലാന്‍ നടക്കുന്നതു വിഡ്ഢിത്തമാണ്. ചെറിയ ശത്രുവിനെയും വലിയ ശത്രുവിനെയും കീഴടക്കാനുള്ള വഴി വലിയ ശത്രുവിനെ ധിക്കരിക്കല്‍തന്നെ. അവനെ പരാജയപ്പെടുത്തിയാല്‍ നാം വിജയിക്കും. ചെറിയ ശത്രു പിന്നെ ശത്രുവല്ലാതായി മാറും. പിന്നെ അവന്‍ നമ്മുടെ ആത്മമിത്രമാണ്. കാരണം, അവന്റെ കൂടി ശത്രുവിനെയാണല്ലോ നാം പരാജയപ്പെടുത്തിയിരിക്കുന്നത്. അടിച്ചവനെ തിരിച്ചടിക്കണമെന്നു പിശാച് പറയുമ്പോള്‍ ആ വാക്ക് ധിക്കരിച്ച് അടിച്ചവന്റെ നന്മയ്ക്കായി പ്രാര്‍ഥിക്കുക. എന്നെ അടിച്ചപ്പോള്‍ നിന്റെ കൈ വേദനിച്ചോ എന്നു ചോദിച്ച് അവന്റെ കൈ ഉഴിഞ്ഞുകൊടുക്കുക. പിശാച് തോല്‍ക്കുമെന്നുറപ്പ്. അടിച്ചവന്‍ കാല്‍ക്കല്‍വീണു മാപ്പു ചോദിക്കുമെന്നതും ഉറപ്പ്. മഹാസൗഭാഗ്യവാന്മാര്‍ക്കേ ഇതിനവസരം ലഭിക്കൂവെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ധീരമായി ഇതു ചെയ്തുനോക്കൂ. നിങ്ങള്‍ മഹാസൗഭാഗ്യവാനാണെന്നു തെളിയിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."