കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം നിര്‍മാണോദ്ഘാടനം 25ന്
ബദിയഡുക്ക: ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണാദ്ഘാടനം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 500 ബെഡുള്ള ആശുപത്രിയാണ് പദ്ധതിയിലുള്ളത്. താഴത്തെ നില അടക്കം നാല് നിലകളുള്ളതാണ് കെട്ടിടം.
95 കോടി രൂപ എസ്റ്റിമേറ്റുള്ള കെട്ടിടത്തിന് 88,20,42,646 കോടി രൂപ ചെലവ് വരും. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയതോടെയാണ് ആശുപത്രി സമുച്ഛയത്തിന്റെ നിര്‍മാണം കഴിഞ്ഞ ആഗസ്ത് 31ന് തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയാണ് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി. ആശുപത്രി സമുച്ഛയത്തിന്റെ നിര്‍മാണ കരാര്‍ ഈറോഡുള്ള ആര്‍.ആര്‍ തുളസി ബില്‍ഡേഴ്‌സിനാണ്. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പുര്‍ത്തിയാക്കണമെന്നാണ് കരാര്‍. ആശുപത്രി സമുച്ഛയത്തില്‍ പ്രത്യേക ഓപ്പറേഷന്‍ തിയറ്റര്‍ ബ്ലോക്ക് ഉണ്ടായിരിക്കും. സിടി സ്‌കാന്‍, എക്‌സ്‌റേ, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും.
തൊട്ടടുത്തുള്ള അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. 25,86,05,283 രൂപ ചെലവിട്ടാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ വിദ്യര്‍ഥികളുടെ ക്ലാസ് മുറികള്‍, ലാബ്, പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മുറികള്‍, മ്യൂസിയം, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ അക്കാദമിക് ബ്ലോക്കിലുണ്ട്. കോളജിലേക്കുള്ള റോഡുകളുടെ നിര്‍മാണം നടക്കുകയാണ്. കോളജിനോട് ചേര്‍ന്ന് നാലുവരി റോഡ് നിര്‍മിക്കുന്നുണ്ട്. ഇതുവഴി സീതാംഗോളി, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്താം. 288 കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന മെഡിക്കല്‍ കോളജ് 65 ഏക്കര്‍ ഭൂമിയിലാണ് സ്ഥാപിക്കുന്നത്. റവന്യൂ വകുപ്പാണ് ഭൂമി അനുവദിച്ചത്. ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ 2013 നവംബര്‍ 30ന് ആരംഭിച്ച കെട്ടിടങ്ങളുടെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയായിരുന്നു.
നിര്‍മാണം വൈകിയതിനാല്‍ ചെലവ് വര്‍ധിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ കീഴിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുക. ലൈബ്രറി, പുരുഷ, വനിത ഹോസ്റ്റലുകള്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഓഡിറ്റോറിയം, റോഡുകള്‍, കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന്‍ എന്നിവ ഉണ്ടാകും.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലുളളവര്‍ക്കും കര്‍ണാടക അതിര്‍ത്തിയിലുള്ളവര്‍ക്കും ഉപകാരമാകും. വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്നതിന് ശമനമാകും.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും വലിയ ആശ്വാസമാകും. ഉദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി ബദിയഡുക്ക പഞ്ചായത്ത് ഹാളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘാടക സമിതി രുപീകരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാന്‍മാനായും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് വര്‍ക്കിങ് ചെയര്‍മാനായും ഡി.എം.ഒ ഡോ. എ.പി ദിനേശ് കുമാര്‍ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."