സ്‌കൂള്‍ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചില്‍ തുടരുന്നു
കൂടരഞ്ഞി: സമയ നിയന്ത്രണം ലംഘിച്ച് സ്‌കൂള്‍ സമയത്തും ടിപ്പറുകള്‍ ചീറിപ്പായുന്നു.
ഇന്നലെ സ്‌കൂള്‍ വിട്ട സമയത്ത് ഒരു മിനുട്ടില്‍ മാത്രം അഞ്ച് ടിപ്പറുകളാണ് കൂടരഞ്ഞിയിലൂടെ കുതിച്ചത്. വര്‍ഷാരംഭത്തില്‍ കൂടരഞ്ഞി സ്‌കൂളില്‍ ഉണ്ടായിരുന്ന ദിശ കര്‍മസമിതിയുടെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ടിപ്പര്‍ ഡ്രൈവേഴ്‌സ്, ഓണേഴ്‌സ്, പൊലിസ്, ഗ്രാമ പഞ്ചായത്ത്, കൂടരഞ്ഞിയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ സാനിധ്യത്തില്‍ സ്‌കൂള്‍ സമയത്ത് ടിപ്പറുകള്‍ ഓടുന്നതു സംബന്ധിച്ചും മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ അപാകതകള്‍ പരിഹരിക്കുന്നതിനു വേണ്ടിയും സംയുക്തമായി യോഗം ചേര്‍ന്നിരുന്നു. നിപാ വന്നതോടെ ഈ പദ്ധതി പാളിയെന്നും ശേഷം ദിശയുടെ ഭരണസമിതിയില്‍ മാറ്റങ്ങള്‍ ഉണ്ടായെന്നും പിന്നീട് ഒരു യോഗം പോലും നടന്നില്ലെന്നും പറയപ്പെടുന്നു. ടിപ്പര്‍ ഓടുന്നതിന് രാവിലെ 9 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 5 വരെയുമാണ് നിലവില്‍ വിലക്കുള്ളത്. എന്നാല്‍ മിക്ക സ്‌കൂളുകളുടെ പ്രവര്‍ത്തനവും രാവിലെ 9.30 ന് ആരംഭിക്കുകയും വൈകീട്ട് 3.30ന് അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ്. സ്‌കൂള്‍ സമയം മാറ്റല്‍ പ്രായോഗികമല്ലാത്തതിനാല്‍ ടിപ്പറുകളുടെ നിയന്ത്രണ സമയത്തില്‍ മാറ്റം വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."