നവോത്ഥാന കേരളം തിരിഞ്ഞുനടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഗ്ഭടാനന്ദ ഓര്‍മകള്‍ നല്ലത്: മുഖ്യമന്ത്രി
കോഴിക്കോട്: നവോത്ഥാന കേരളം 19-ാം നൂറ്റാണ്ടിലേക്ക് തിരിഞ്ഞുനടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഗ്ഭടാനന്ദനെ പോലെയുള്ളവരെ ഓര്‍ക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി മതനിരപേക്ഷമായ നാടാണു കേരളം. എന്നാലിപ്പോള്‍ ജാതീയതയുടെയും മതത്തിന്റെയും പേരില്‍ വേര്‍ത്തിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയുടെ വാഗ്ഭടാനന്ദ പുരസ്‌കാരം ടി. പത്മനാഭനും പാലേരി കണാരന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ. രാമകൃഷ്ണന്‍ പാലാട്ടിനും സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ നവോത്ഥാനത്തിനു മാര്‍ഗദര്‍ശിയായിരുന്നു വാഗ്ഭടാനന്ദന്‍. അദ്ദേഹത്തെ പോലുള്ളവരാണ് കേരളത്തെ ഈ രീതിയില്‍ കെട്ടിപ്പടുത്തത്. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹചര്യത്തില്‍ ഈ അവാര്‍ഡിന്റെ പ്രാധാന്യം വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസ പ്രളയത്തിലാണ് കേരളമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി എഴുത്തുക്കാരന്‍ ടി. പത്മനാഭന്‍ പറഞ്ഞു. പ്രളയത്തെക്കാള്‍ വലിയ ആപത്താണിത്. വിളക്കുകള്‍ ഒന്നൊന്നായി കെട്ടുപോകുകയാണ്. ചിലത് താനെ കെട്ടുപോകുന്നു. മറ്റ് ചിലതിനെ തല്ലിക്കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എം.പി, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ് കുമാര്‍, പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, പി.ടി.എ റഹീം, കാരാട്ട് റസാഖ്, ജോര്‍ജ് എം. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പങ്കെടുത്തു.
മതേതര മാനവികതയ്ക്കു വേണ്ടി സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്നതാണ് വാഗ്ഭടാനന്ദ പുരസ്‌കാരം. സാമൂഹ്യ ക്ഷേമരംഗത്തെ നിസ്തുല സേവനത്തിനാണ് പാലേരി കണാരന്‍ മാസ്റ്റര്‍ പുരസ്‌ക്കാരം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."