യമന്‍ സമാധാന ചര്‍ച്ച ഈയാഴ്ച്ച സ്വീഡനില്‍
റിയാദ്: ഏവരും ഉറ്റു നോക്കുന്ന യമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഈയാഴ്ചയാവസാനം സ്വീഡനില്‍ തുടക്കമാകും. ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ സംബന്ധിക്കുമെന്നു യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ചു ഐക്യ രാഷ്ട്ര സഭക്ക് കത്തയച്ചതായും തങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കടുക്കുമെന്നു വ്യക്തമാക്കിയതായും യമന്‍ വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ യമാനിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി സബ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ഹൂതികളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകണമെന്നും കത്തില്‍ സൂചിപ്പിച്ചു. കഴിഞ്ഞ തവണ നടന്ന ചര്‍ച്ചയില്‍ അവസാന നിമിഷം ഹൂതികള്‍ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു.
ഐക്യ രാഷ്ട്ര സഭ സമാധാന ദൂതന് ഗ്രിഫിത്സ് മാര്‍ട്ടിന്റെ നേതൃത്വത്തിലാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങി വിവിധ ലോക രാജ്യങ്ങളുടെ പിന്തുണയോടെയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. യുദ്ധം അവസാനിപ്പാക്കാനാവശ്യപ്പെട്ടുള്ള പ്രമേയം
ബ്രിട്ടണ് സുരക്ഷാ കൌണ്സിലില് അവതരിപ്പിക്കും. ഇതിനു മുന്നോടിയായി യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സമാധാന ദൂതന് കൂടിക്കാഴ്ചയ്ക്കായി എത്തുമെന്നും വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെ നടന്ന യമന്‍ ചര്‍ച്ചകളൊന്നും ഫലം കണ്ടിരുന്നില്ല. പക്ഷേ നിലവിലെ സാഹചര്യം അനുകൂലമാണെന്നാണ് യു.എസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."