ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം
നിലമ്പൂർ: പ്രളയം കിടപ്പാടം കവർന്നെടുത്തിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും നിസ്സഹായരായി നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ നൂറോളം ആദിവാസി കുടുംബങ്ങൾ. പ്രാക്തന ഗോത്ര വിഭാഗക്കാരായ കാട്ടുനായ്ക്കർ, പണിയർ എന്നിവരാണ് നരകജീവിതം തുടരുന്നത്. കാണുന്നവരോട് മുഴുവൻ ഇവർ ചോദിക്കുന്നു. മുളകൊണ്ട് കെട്ടിയ ചങ്ങാടത്തിൽ സാഹസപ്പെട്ടാണ് കുരുന്നകൾ ഉൾപ്പെടെ പുഴക്കടക്കുന്നത്.
ഇനിയും എത്രകാലം കാത്തിരിക്കണം സാറേ... 2019 ഓഗസ്റ്റിലെ മഹാപ്രളയം വാസ സ്ഥലങ്ങൾ തുടച്ചു നീക്കിയതോടെ കൈക്കുഞ്ഞുങ്ങളുമായി കാടു കയറിയവരാണിവർ. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ ഷെഡുകളിലാണ് ഇവർ കഴിയുന്നത്. ഒരു വർഷത്തിനകം പുനരധിവാസമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി. മഴപെയ്താലാണ് ഇരട്ടി ദുരിതം. വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടൻകല്ല് ആദിവാസി സങ്കേതങ്ങളിൽ താമസിച്ചിരുന്ന നൂറിലേറെ കുടുംബങ്ങൾക്കാണ് പ്രളയത്തിൽ എല്ലാം നഷ്ടമായത്.
വാണിയമ്പുഴയിലെ 42 കുടുംബങ്ങൾ വനത്തിനുള്ളിൽ രണ്ടിടത്തായാണു താമസിക്കുന്നത്. 3.27 ഹെക്ടറുള്ള ഈ സ്ഥലം പുനരധിവാസത്തിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം. വനാവകാശ നിയമപ്രകാരം ഭൂമി നൽകാമെങ്കിലും തീരുമാനമായിട്ടില്ല.
തരിപ്പപ്പെട്ടിയിലെ 19 കുടുംബങ്ങൾക്കു നൽകാൻ 3.71ഹെക്ടർ ഭൂമി സർവേ നടത്തിയിട്ടുണ്ട്. തണ്ടൻകല്ലിലെ 32 കുടുംബങ്ങൾ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിനുള്ളിൽ ഉപയോഗശൂന്യമായ 11ക്വാട്ടേഴ്‌സുകളിലാണ് കഴിയുന്നത്. കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സുകളും ഇവർക്ക് ഭീഷണിയാണ്. വൈദ്യുതിയുമില്ല.
വിത്തു കൃഷിത്തോട്ടത്തിനുള്ളിൽ ലഭ്യമായ സ്ഥലം പുനരധിവാസത്തിന് അനുവദിക്കണമെന്ന ആവശ്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഹൈക്കോടതി നിർദേശപ്രകാരം ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് എം.ഷാബിർ മൂന്നു തവണ സന്ദർശിച്ചു റിപ്പോർട്ട് നൽകിയതാണ്.
കുടിവെള്ളവും, ബയോ ടോയ്‌ലെറ്റും ഒരുക്കണമെന്ന് റിപോർട്ട് നൽകിയിരുന്നുവെങ്കിലും നടപ്പായില്ല. വഴിക്കടവ് പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കും അധികൃതരുടെ കനിവ് ലഭിച്ചിട്ടില്ല. കാടിന്റെ മക്കളെന്ന് വിളിക്കുന്ന ഊരുനിവാസികൾ അധികൃതരുടെ കരുണ തേടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."