പ്രവാസികള്‍ നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഇ മൈഗ്രെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: വിവിധ രാജ്യങ്ങളില്‍ തൊഴില്‍ വിസകളിലുള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളടക്കം പതിനെട്ടു രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ അനുഭവിക്കുന്ന ചൂഷണങ്ങളില്‍ നിന്നും തടയുകയാണ് രജിസ്‌ട്രേഷന് മുഖ്യ ലക്ഷ്യം. നേരത്തെ ഇ സി എന്‍ ആര്‍ (എമിഗ്രെഷന്‍ ചെക് ആവശ്യമില്ല) പാസ്‌പോര്‍ട്ടുകള്‍ക്ക് നിര്‍ബന്ധമായിരുന്നില്ലെങ്കിലും അടുത്ത വര്‍ഷം ജനുവരി ആദ്യം മുതല്‍ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്കും നാട്ടില്‍ നിന്നും പോരുന്ന സമയത്ത് എമിഗ്രെഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
എമിഗ്രെഷന്റെ 24 മണിക്കൂര്‍ മുന്‍പെങ്കിലും ഇ മൈഗ്രെറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ യാത്ര തന്നെ മുടങ്ങുമെന്നും മുന്നറിയിപ്പുമുണ്ട്. നിലവില്‍ ഈ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ ലീവിന് പോയി തിരിച്ചു വരുന്നതിനു മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ ഇ സി എന്‍ ആര്‍ പാസ്‌പോര്‍ട്ടില്‍ ഇത്തരം വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ വിദ്യാഭ്യാസ, തൊഴില്‍ പശ്ചാത്തലം കണക്കിലെടുക്കാതെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ തീരുമാനം.
മനുഷ്യക്കടത്തും അനധികൃത റിക്രൂട്ട്‌മെന്റും ചൂഷണവും തടയാനായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം കൊണ്ടുവന്ന ഇ മൈഗ്രെറ്റ് സംവിധാനത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിശ്ചിത പഠനം ലഭിക്കാത്തവരോ നിശ്ചിത സമയം വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കാത്തവരോ ആയ ഇ സി ആര്‍ (എമിഗ്രെഷന്‍ ചെക് ആവശ്യം) എന്ന പാസ്‌പോര്‍ട്ടുകള്‍ ലക്ഷ്യമാക്കിയാണ് 2015 ല്‍ ഇ മൈഗ്രെറ്റ് പോര്‍ട്ടല്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇ സി എന്‍ ആര്‍ (എമിഗ്രെഷന്‍ ചെക് ആവശ്യമില്ല) എന്ന പാസ്‌പോര്‍ട്ടുകള്‍ക്കും ബാധമാക്കിയിരിക്കുകയാണ്. മുഴുവന്‍ തൊഴിലാളികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
സഊദി അറേബ്യയെക്കൂടാതെ യു എ ഇ, ഖത്തര്‍, ഒമാന്‍, കുവൈത്, ബഹ്‌റൈന്‍, തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ലിബിയ, മലേഷ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യമന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളാണ് ഇ മൈഗ്രെറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലരില്‍ വ്യക്തമാക്കുന്നുണ്ട്.
www.emigrate.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇ സി എന്‍ ആര്‍ രജിസ്‌ട്രേഷന്‍ സെക്ഷനില്‍ കയറിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എസ് എം എസ് വഴിയോ ഇ മെയില്‍ വഴിയോ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ ആണ് ജനുവരി മുതല്‍ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ഇന്ത്യന്‍ എമിഗ്രെഷന്‍ കൗണ്ടറില്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍, തൊഴില്‍ വിസകളിലില്ലല്ലാതെ പോകുന്നവര്‍ക്ക് ഇത് ആവശ്യമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇന്ത്യയിലെ പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പിബിഎസ്‌കെ) യുമായി 1800113090/01140503090 എന്ന നമ്പറുകളിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."