കുടിവെള്ളത്തിനായി നെട്ടോട്ടമോടി അണപ്പാട് ഭജനമഠം നിവാസികള്‍
പേരൂര്‍ക്കട: പൈപ്പ്‌ലൈന്‍ ഇല്ലാത്തതും കിണറുകള്‍ വറ്റിവരണ്ടതും അണപ്പാട് ഭജനമഠം നിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്.
ഇടയ്ക്ക് മഴ പെയ്തുവെങ്കിലും വീണ്ടും വേനല്‍ കടുക്കുന്നത് പ്രദേശവാസികളെ ദുഖത്തിലാഴ്ത്തി. മാറനല്ലൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട ഈ പ്രദേശത്ത് ഇതുവരെ കുടിവെള്ള പൈപ്പ് പോലും സ്ഥാപിച്ചിട്ടില്ല.
കിണറുകളില്‍ ഇപ്പോഴും ആവശ്യത്തിന് വെള്ളമെത്തിയിട്ടില്ല. കഴിഞ്ഞ മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി വേനല്‍കാലത്ത് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ ഇപ്പോഴത്തെ വാര്‍ഡ് അംഗം കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വാഗ്ദാനം നല്‍കിയിരുന്നതെങ്കിലും വാക്ക് പാലിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എന്‍.ഭാസുരാംഗന്‍ മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ കുഴിവിള, ഭജനമഠം, അണപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നിലവിലെ ഭരണ സമിതി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വിമുഖത കാട്ടിയതായി ആക്ഷേപമുണ്ട്. കുടിവെള്ളത്തിനായി പ്രദേശവാസികള്‍ പണം നല്‍കിയാണ് ശേഖരിക്കുന്നത്.
ചില ദിവസങ്ങളില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ വാഹനങ്ങളില്‍ വെള്ളം നല്‍കാറില്ലത്രേ. ഇരുചക്ര വാഹനങ്ങളിലും പെട്ടി ഓട്ടോറിക്ഷകളിലും വെള്ളം ശേഖരിക്കാന്‍ പോകുന്നവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നുണ്ടിവിടെ. പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടിവെള്ളം കിട്ടുമായിരുന്നു.
നിരവധി കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ പ്രദേശത്തെ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടില്ലെന്ന് അറിയുമ്പോള്‍ പ്രദേശത്തെ വികസം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളു. പൊതുവേ ഉയര്‍ന്ന പ്രദേശമായതിനാല്‍ ചെറുവേനലില്‍ പോലും കിണറുകള്‍ വറ്റാറുണ്ട്.
എന്നാല്‍ അടുത്തിടെയായി വ്യാപകമായ കുന്നിടിക്കല്‍ നടന്നതാണ് കിണറുകളെല്ലാം വറ്റി വരളാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ചിലരുടെ ഒത്താശയോടെയാണ് കുന്നിടിക്കല്‍ അരങ്ങേറുന്നത്.
കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടിയിട്ടും പഞ്ചായത്ത് അനങ്ങുന്നില്ല. മാറനല്ലൂര്‍ പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."