കോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം; വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞു കുത്തുന്നു
ശിരോ വസ്ത്രവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ബി.ജെ.പി എം.പി വി മുരളീധരന് നടത്തിയ പ്രസ്താവന ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. കോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം എന്നായിരുന്നു മുരളീധരന് ശിരോ വസത്രവുമായി ബന്ധപ്പെട്ടു നേരത്തെ നടത്തിയ പ്രസ്താവന. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നപ്പോള്‍ അതിനെതിരേ പ്രതികരിച്ച മുരളീധരനെതിരേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പഴയ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പ് 2015 ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് വി മുരളീധരന് ഈ പരാമര്‍ശം നടത്തിയത്. അന്ന് ഓള് ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷ ഹിജാബ് ധരിച്ച് എഴുതാനുള്ള അനുമതി തേടി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ അതിനെ അനുകൂലിച്ചാണ് വി മുരളീധരന് രംഗത്ത് വന്നത്. ഹിജാബ് ഒരു ദിവസം ധരിച്ചില്ലെന്നു വെച്ച് മതവിശ്വാസം ഇല്ലാതാകില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത അന്ന് അഭിപ്രായപ്പെട്ടത്.
ഈ പരാമര്‍ശത്തെ എതിര്‍ത്ത് മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്ത് വന്നു. ഭരണഘടന ഉറപ്പു നല്കുന്ന മതവിശ്വാസത്തിനെതിരാണ് സുപ്രീം കോടതിയുടെ പരാമര്‍ശമെന്ന് യുഡിഎഫ് നേതാക്കളായ വി.എം സുധീരനും ഇ.ടി. മുഹമ്മദ് ബഷീറും നിലപാട് സ്വീകരിച്ചു.
തൊട്ടുപിന്നാലെ ഈ നിലപാടിനെ വിമര്‍ശിച്ച് വി. മുരളീധരന് രംഗത്ത് വന്നു. മുസ്ലീം ലീഗ് വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയേയും സുപ്രീം കോടതിയേയുമാണ്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്നും വി മുരളീധരന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."