തോപ്പുംപടി മേഖലയില്‍ മോഷണം വ്യാപകമാകുന്നു
മട്ടാഞ്ചേരി:തോപ്പുംപടി മേഖലയില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ തോപ്പുംപടി സ്റ്റേഷന്‍ പരിധിയിലെ കരുവേലിപ്പടി ഭാഗത്ത് നിന്ന് മാത്രം മോഷ്ടാക്കള്‍ കടത്തിയത് പതിനാറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നര ലക്ഷത്തിലേറെ രൂപയുമാണ്.കരുവേലിപ്പടി സപ്‌ളൈ കോ ഔട്ട് ലെറ്റിന് എതിര്‍വശത്തുള്ള ഇടവഴിയിലെ വീടുകളില്‍ നിന്നാണ് അടുത്തടുത്ത ദിവസങ്ങളിലായി എട്ട് പവന്‍ വീതം മോഷണം പോയത്.
ഇതിന്റെ അന്വേഷണം നടന്ന് വരുന്ന വേളയിലാണ് കഴിഞ്ഞ ആഴ്ച സപ്‌ളൈ കോ ഔട്ട് ലെറ്റ് തുറന്ന് ഒന്നര ലക്ഷത്തിലേറെ കവര്‍ന്നത്.ഇതിലൊന്നും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്.ഇതിന് പുറമേ തോപ്പുംപടി ഭാഗത്ത് പൂട്ടി കിടന്ന വീട്ടില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുപ്പത് പവനോളം സ്വര്‍ണ്ണം മോഷണം പോയിരുന്നു.ഇതിലും പ്രതികളെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.രാത്രിയിലാണ് ഇവിടങ്ങളില്‍ മോഷണം നടക്കുന്നത്.പൊലിസ് പെട്രോളിംഗ് കുറഞ്ഞതാണ് മോഷ്ടാക്കളെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്നത്.ഇതിന് പുറമേ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചെടുത്ത ശേഷം ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന സംഘവും വ്യാപകമാണ്.ഇത്തരം സംഘങ്ങള്‍ മട്ടാഞ്ചേരി സ്റ്റേഷന്‍ പരിധിയിലും സജീവമാണ്.മട്ടാഞ്ചേരി സ്റ്റേഷന്‍ പരിധിയിലുള്ള നസ്‌റത്ത്,ചുള്ളിക്കല്‍ ഭാഗത്ത് നിന്നാണ് കൂടുതലും ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്നത്.മോഷണം പോയ വാഹനങ്ങളുടെ ഉടമകള്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പേടിക്കേണ്ട ഉടന്‍ കിട്ടുമെന്ന മറുപടിയാകും ലഭിക്കുക.മോഷ്ടിച്ചെടുത്ത വാഹനങ്ങള്‍ ഉപയോഗിച്ച് ഇവര്‍ എന്ത് ചെയ്‌തെന്നോയെന്നൊന്നും പൊലിസ് അന്വേഷിക്കില്ല.ഉടമ പരാതി നല്‍കുന്നതിന് മുമ്പ് വാഹനം ലഭിച്ചാല്‍ പിന്നീട് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വാഹന ഉടമ തന്നെ ഉത്തരവാദിയായി മാറുന്ന അവസ്ഥയാണ്.പൊലിസ് ഇത്തരം വിഷയങ്ങളില്‍ ലാഘവ ബുദ്ധി കാണിക്കുന്നതാണ് മോഷ്ടാക്കളെ ഇതിന് കൂടുതല്‍ പ്രചോദിപ്പിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.മഴക്കാലമായതോടെയാണ് മോഷ്ടാക്കളുടെ ശല്യം ഏറിയത്.കരുവേലിപ്പടിയിലെ ഒരു വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത് തമിഴ് നാട് സ്വദേശിയാണെന്ന വിവരം പൊലിസിന് ലഭിച്ചതായി വിവരമുണ്ട്.ഇയാള്‍ പൊലിസ് പിടിയിലായതായും സൂചനയുണ്ട്.
മഴക്കാലത്ത് പൊലിസ് പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഇതിനിടെ പൊലിസും റസിഡന്‍സ് അസോസിയേഷനുകളും സഹകരിച്ച് രാത്രി കാല പെട്രോളിംഗ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."