ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലിലെ പാതയോര ഉദ്യാനം കാടുകയറി നശിക്കുന്നു
പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ പാതയെ മനോഹരമാക്കി ചേര്‍പ്പുങ്കല്‍ മുതല്‍ മുത്തോലി വരെ റോഡിനിരുവശവും നിറഞ്ഞു നില്‍ക്കുന്ന പാതയോര ഉദ്യാനം സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു.
പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചേര്‍പ്പുങ്കല്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാര്‍ ക്രംമ്പ് റബര്‍ ഫാക്ടറിയുടെ സംരക്ഷണയിലാണ് ഉദ്യാനം. 'ആറ്റുതീരം' എന്ന പേരില്‍ 2007-ല്‍ ആരംഭിച്ചതാണീ ഈ പൂന്തോട്ടം.
പാലാ മാര്‍ക്കറ്റിങ് സംഘം പ്രസിഡന്റായിരുന്ന പ്രൊഫ. കെ.കെ എബ്രാഹത്തിന്റെ ആശയമായിരുന്നു ഇത്. തുടക്കത്തില്‍ ഇന്‍ഡ്യാറിനു സമീപം മാത്രമായിരുന്നെങ്കിലും പിന്നീടത് ഘട്ടം ഘട്ടമായി ചേര്‍പ്പുങ്കല്‍ ബൈപാസു മുതല്‍ മുത്തോലി കവല വരെ രണ്ടു കി. മീറ്റര്‍ ദൂരമായി വളര്‍ന്നു. പാതയെ തഴുകിയൊഴുകുന്ന മീനച്ചിലാറിന്റെ സാമീപ്യം കൂടിയായപ്പോള്‍ ഇത് വഴിയുള്ള യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്നതായി. ഇവിടുത്തെ വശ്യമായ സൗന്ദര്യം ആസ്വദിക്കാനും യാത്രയുടെ വിരസത മാറ്റാനും ധാരാളം യാത്രക്കാര്‍ ഇവിടെ ഇറങ്ങി വിശ്രമിച്ചിരുന്നു.
യാത്രക്കാര്‍ക്ക് ഇരിപ്പിടങ്ങളും കുട്ടികള്‍ക്ക് ഊഞ്ഞാലും മറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതീവ ശ്രദ്ധയോടെ സംരക്ഷിച്ചിരുന്ന ഇവിടത്തെ ഇപ്പോഴത്തെ അവസ്ഥ ഏവരെയും നിരാശപ്പെടുത്തും.
ചെടികള്‍ വെട്ടി മോടി പിടിപ്പിക്കാനും പുല്ലു വെട്ടാനുമായി രണ്ട് ജോലിക്കാരെ ഫാക്ടറിയില്‍ നിന്ന് ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ ഫാക്ടറി കടുത്ത സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുന്ന അവസ്ഥയിലായതോടെ ജീവനക്കാരെ പിന്‍വലിച്ചു. സമീപവാസികള്‍ കന്നുകാലികളെ കെട്ടി ചെടികള്‍ നശിപ്പിക്കുന്ന സ്ഥിതിയുമുണ്ട്.
മുത്തോലി കവലയിലെ പൂന്തോട്ട സംരക്ഷണം ജനമൈത്രി പൊലിസും മറ്റിടങ്ങളില്‍ ചില വ്യാപാര സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും അത് മതിയാകുന്നില്ല.
മുത്തോലി പഞ്ചായത്ത് പാതയോര ഉദ്യാനത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."