അര്‍ത്തുങ്കല്‍ തുറമുഖം: സാങ്കേതിക പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറണമെന്ന് എം.പി
ആലപ്പുഴ : അര്‍ത്തുങ്കല്‍ തുറമുഖ നിര്‍മാണം ഉടന്‍ പുനരാരംഭിക്കാന്‍ ആവശ്യമായ സാങ്കേതിക പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പുതുക്കിയ പദ്ധതി രേഖകള്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുള്ള മെല്ലെപ്പോക്കാണ് പദ്ധതി വൈകാന്‍ കാരണമെന്ന കേന്ദ്ര നിലപാട് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ നടപടി. അര്‍ത്തുങ്കലിന്റെ മത്സ്യബന്ധന മേഖലയിലെ അനന്ത സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുറമുഖ പദ്ധതി അനുവദിപ്പിച്ചത്.
75 ശതമാനം ചെലവ് കേന്ദ്രം വഹിക്കുന്ന പദ്ധതി 2017 ജനുവരിയില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 30 ശതമാനം മാത്രം പൂര്‍ത്തിയായ ഘട്ടത്തില്‍ കടലാക്രമണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
തുടര്‍ന്ന് തുറമുഖത്തിന്റെ ഉയരം കൂട്ടുന്നതടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തെകൊണ്ട് പഠനം നടത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍മാണം പുനരാരംഭിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എം.പി പറഞ്ഞു. നിര്‍മാണം തുടങ്ങാനുള്ള തടസങ്ങള്‍ നീക്കണമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിലും പുറത്തും നിരവധി ഇടപെടലുകള്‍ നടത്തി. പദ്ധതി വൈകുന്നത് സംബന്ധിച്ചു പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് പദ്ധതി അനിശ്ചിതമായി വൈകുന്നതു അവസാനിപ്പിക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നും പൂര്‍ത്തീകരണത്തിനാവശ്യമായ അധികതുക അനുവദിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങിന് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഫിഷറീസ് ജോയിന്റ് കമ്മീഷണര്‍ എല്‍.ശങ്കര്‍, എന്നേക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും അനിശ്ചിതമായ കാലതാമസത്തിന് കാരണം ആരാഞ്ഞും കത്തു നല്‍കിയിരുന്നു. പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ ഇനി എന്നേക്ക് പദ്ധതി യഥാര്‍ത്ഥ്യമാക്കാനാകുമെന്ന് ഏകദേശ ധാരണയോ പദ്ധതിയുടെ രൂപരേഖയില്‍ വന്ന മാറ്റം എത്ര അധിക ബാദ്ധ്യത സൃഷ്ടിക്കുമെന്നോ ഇതേവരെ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ല.
ഇതിനിടെ പുതുക്കിയ പദ്ധതിക്ക് അഗീകാരം നല്‍കുന്നത് ജിയോ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ സമര്‍പ്പിച്ച ശേഷം മതിയെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് പദ്ധതി വീണ്ടും വൈകാന്‍ കാരണമെന്ന് എം.പി പറഞ്ഞു.
ഇനിയും നിര്‍മാണം വൈകരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജൂലൈ ഏഴിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ അഴീക്കല്‍, തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തുറമുഖങ്ങളുടെ നിര്‍മാണം വൈകുന്നത് സംബന്ധിച്ചു ചര്‍ച്ചക്കായി സംസ്ഥാന ഫിഷറീസ് സെക്രട്ടറി ,ഹാര്‍ബര്‍ എന്‍ജിനീയറിങ് ചീഫ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനു മുന്‍പ് അടിയന്തിരമായി സംസ്ഥാനം നല്‍കാനുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പു മന്ത്രിക്കും അയച്ച കത്തില്‍ എം.പി ആവശ്യപ്പെട്ടു.
പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വീഡിയോ ഗ്രാഫി അടക്കമുള്ള ഡിജിറ്റല്‍ രേഖകളോടെ മന്ത്രാലയത്തിന് സമര്‍പ്പിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ത്തുങ്കലില്‍ പുലിമുട്ടുകള്‍, വാര്‍ഫ്, ലേലപ്പുര, ആന്തരിക റോഡ്, പാര്‍ക്കിംഗ് ഏരിയ, പ്രവേശന റോഡ്, കവേര്‍ഡ് ലോഡിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് തുറമുഖം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."