പി.എം.എ.വൈ പദ്ധതി: ഗുണഭോക്താക്കള്‍ക്ക് കേന്ദ്രമന്ത്രി നല്‍കിയത് കള്ള താക്കോല്‍
തൊടുപുഴ: നഗരസഭാപരിധിയില്‍ പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോലെന്ന് തെറ്റിദ്ധരിപ്പിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കൈമാറിയത് കാറിന്റെയും സ്‌കൂട്ടറിന്റെയും താക്കോല്‍.
നഗരസഭയില്‍ നിന്ന് അവസാനഗഡു തുക കൈമാറുന്നതിനു മുന്‍പേ കേന്ദ്രമന്ത്രിസഭാ വാര്‍ഷികത്തിന്റെ പ്രചരണാര്‍ഥം ബി.ജെ.പി നേതാക്കള്‍ ഇടപെട്ട് കേന്ദ്രമന്ത്രിയെ എത്തിച്ചാണ് വീടുകളുടെ താക്കോല്‍ദാനചടങ്ങ് സംഘടിപ്പിച്ചത്.
കഴിഞ്ഞ 13ന് തൊടുപുഴ ഉത്രം റസിഡന്‍സിയിലായിരുന്നു പരിപാടി. ചടങ്ങിനു ശേഷം താക്കോലുകള്‍ ഗുണഭോക്താക്കളില്‍ നിന്ന് സംഘാടകര്‍ കൈക്കലാക്കി.
ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന നാല്, ആറ് വാര്‍ഡുകളിലെ ഗുണഭോക്തക്കള്‍ക്ക് പുറമെ 18-ാം വാര്‍ഡിലെ ഒരാള്‍ക്കുമാണ് 'താക്കോല്‍ദാനം' നടത്തിയത്. ഇതില്‍ 18-ാം വാര്‍ഡിലെ ഒരു ഗുണഭോക്താവായ സ്ത്രീ സംഘാടകരുടെ തട്ടിപ്പ് സംബന്ധിച്ച് പ്രതികരിച്ചു.
തനിക്ക് സമ്മാനിച്ചത് കാറിന്റെ താക്കോലയിരുന്നുവെന്നും ഇത് സംഘാടകര്‍ പിന്നീട് തിരികെ വാങ്ങിയെന്നുമാണ് അവര്‍ പറഞ്ഞത്. വീടുപണി പൂര്‍ത്തീകരിച്ച് നഗരസഭയില്‍ നിന്ന് അവസാനഗഡു തുക ഗുണഭോക്താവിന് കൈമാറുമ്പോള്‍ മാത്രമാണ് പദ്ധതി പൂര്‍ത്തിയായതായി കണക്കാക്കാന്‍ കഴിയുകയുള്ളൂ.
ഇത് കണക്കിലെടുക്കാതെയും പദ്ധതി വിഹിതം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെയും നഗരസഭയെയും വെറും നോക്കുകുത്തികളാക്കി നിര്‍ത്തിയുമാണ് ബി.ജെ.പി നേതാക്കള്‍ രാഷ്ട്രീയ നാടകം കളിച്ചത്.
പി.എം.എ.വൈ പദ്ധതിപ്രകാരം 50 ശതമാനം വിഹിതം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ശേഷിക്കുന്ന 16.5 ശതമാനം വീതം തുക സംസ്ഥാന സര്‍ക്കാര്‍, നഗരസഭ, ഗുണക്തോക്താവ് എന്നിവയുടേതാണ്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി തൊടുപുഴ നഗരസഭയാണ്. എന്നിട്ടും നഗരസഭയുടെ അറിവില്ലാതെയാണ് താക്കോല്‍ദാന ചടങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പരിപാടിയുടെ തലേദിവസം മാത്രം വ്യക്തതയില്ലാത്ത അറിയിപ്പ് നല്‍കി നഗരസഭയെ അവഹേളിച്ചു.
സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ആദ്യ ചടങ്ങ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയായിരുന്നു ഇത് സംഘടിപ്പിക്കേണ്ടിയിരുന്നത്. നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയ്ക്കും കാര്യമായ പരിഗണനയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."