ആദ്യ സ്വര്‍ണം വിര്‍ജീനിയ ത്രാഷര്‍ക്ക്
റിയോ ഡി ജനീറോ: ഒളിംപിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കയ്ക്ക്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങില്‍ വിര്‍ജീനിയ ത്രാഷറാണ് സ്വര്‍ണം സ്വന്തമാക്കിയത്. 208 പോയിന്റുമായി ഒളിംപിക് റെക്കോര്‍ഡ് സ്കോറോടെയാണ് സുവര്‍ണ നേട്ടം കുറിച്ചത്.
മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ത്രാഷറുടെ ജയം. ലോക 23ാം റാങ്ക് താരമാണ് ത്രാഷര്‍. യോഗ്യതാ റൗണ്ടുകളില്‍ മുഴുവന്‍ ആധിപത്യം പുലര്‍ത്തിയിരുന്നത് ചൈനയുടെ ഡു ലിയായിരുന്നു. ഒളിംപിക്സില്‍ രണ്ടു സ്വര്‍ണം സ്വന്തമാക്കിയ ലി സ്വര്‍ണം അനായാസം സ്വന്തമാക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ത്രാഷറുടെ മുന്നേറ്റം.
ആദ്യ ഷോട്ടില്‍ 10.5 പോയിന്റ് സ്വന്തമാക്കിയ ത്രാഷര്‍ രണ്ടാം ഊഴത്തില്‍ 10.4ഉം സ്കോര്‍ ചെയ്തതോടെ ലിയെ മറികടന്നു. ഡു ലീയ്ക്ക് 207 പോയിന്റോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ യി സിലിങിനാണ് വെങ്കലം. പശ്ചിമ വിര്‍ജിനയില്‍ നിന്ന് അമേരിക്കന്‍ ടീമിലെത്തിയ താരമാണ് ത്രാഷര്‍. പശ്ചിമ വിര്ജിനയ്ക്ക് എന്‍.സി.എ.എ കിരീടം നേടിക്കൊടുത്തത് ത്രാഷറുടെ മികവായിരുന്നു. കഴിഞ്ഞ മാസം നടന്ന ട്രയല്‍സിലാണ് താരം ഒളിംപിക് യോഗ്യത സ്വന്തമാക്കിയത്. ആദ്യ ഒളിംപിക്സിനെത്തിയ ത്രാഷര്‍ അദ്ഭുത പ്രകടനത്തോടെയാണ് സ്വര്‍ണം വെടിവച്ച് വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."