പകര്‍ച്ചവ്യാധിയില്‍ പകച്ച് പാലക്കാട്
മണ്ണാര്‍ക്കാട്: അലനല്ലൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട് മേഖലയില്‍ ഡെങ്കിപ്പനി അടക്കമുളള പകര്‍ച്ച വ്യാധി പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ആരോഗ്യ വകുപ്പും, ഗ്രാമപഞ്ചായത്തും ഇതുവരെയായി വേണ്ടത്ര മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാവുന്നു. കഴിഞ്ഞ ദിവസമാണ് ഗ്രാമപഞ്ചായത്ത് ശുചീകരണവുമായി ബന്ധപ്പെട്ട യോഗം തന്നെ വിളിച്ചു ചേര്‍ത്തത്.
2005 വര്‍ഷത്തില്‍ കേരളത്തില്‍ തന്നെ ഏറ്റവും ഡെങ്കിപ്പനി മരണം സംഭവിച്ച പ്രദേശമാണ് അലനല്ലൂര്‍. അന്ന് ഒന്‍പത് പേരാണ് മരിച്ചത്. ഇതൊന്നും തന്നെ അധികൃതര്‍ ഗൗനിക്കുന്നില്ലെന്നതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
ദിനം പ്രതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 500ഓളം രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ഡെങ്കിപ്പനി അടക്കമുളള രോഗികളെ ഇവിടെനിന്നും റഫര്‍ ചെയ്യുകയാണ് പതിവ്. കൂടാതെ രോഗികള്‍ക്ക് നല്‍കേണ്ട ഡ്രിപ്പുകള്‍ വരാന്തയിലും, ഇരിപ്പിടങ്ങളിലും കിടന്നാണ് നല്‍കികൊണ്ടിരിക്കുന്നത്.
നിലവില്‍ കിടത്തി ചികിത്സക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങളുണ്ടെങ്കിലും ജീവനക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച ബെഡുകളും, കട്ടിലകളും ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന സഹചര്യമാണുളളത്.
അലനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനമുണ്ട്. എന്നാല്‍ ഒ.പി കഴിഞ്ഞാല്‍ പിന്നീട് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നെഴ്‌സുമാരും, ഫാര്‍മസിസ്റ്റും, പെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, മറ്റ് ഫീല്‍ഡ് സ്റ്റാഫുകളുമടക്കം മുപ്പതോളം ജീവനക്കാരുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കലിന് അധികൃതര്‍ നല്‍കിയ വിവരം. ഇവിടെ കിടത്തി ചികിത്സ തുടങ്ങണമെന്നത് കാലങ്ങളായുളള ആവശ്യമാണ്. കാര്‍ഷിക കുടിയേറ്റ മലയോര പ്രദേശമായ ഇവിടെ ജനസംഖ്യയില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇത്തരക്കക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുക എന്നത് ഏറെ ഭാരമേറിയതാണ്.
നിലവില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നൂറില്‍പരം ഡെങ്കിപ്പനി ബാധിതരുണ്ടെന്നാണ് പറയപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെ പക്കലുളള ഡെങ്കിപ്പനി ബാധിതരുടെ കണക്ക് വിരലിലെണ്ണാവുന്നവരുടെത് മാത്രമാണ്. അലനല്ലൂര്‍ പി.എച്ച്.സിയിലും, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സക്ക് എത്തിയ രോഗികളുടെ എണ്ണം മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കയ്യിലുളളത്.
എടത്തനാട്ടുകര, കര്‍ക്കിടാംകുന്ന്, അലനല്ലൂര്‍ ഭാഗങ്ങളിലെ നിരവധി പേര്‍ അലനല്ലൂരില്‍ ചികിത്സക്ക് സൗകര്യമില്ലാത്തത് കാരണം മലപ്പുറം പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയെയും, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയും, അവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെയൊരു കണക്കും ആരോഗ്യ വകുപ്പിന്റെ കയ്യിലില്ല. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയും എണ്ണം കുറച്ച് കാണിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണവും ശക്തമാണ്. ഓരോ വീട്ടിലും രണ്ടും മൂന്നും പേരാണ് രോഗ ബാധിതരായി കഴിയുന്നത്. ചില കുടുംബങ്ങളില്‍ നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത സ്ഥിതിവരെ എത്തിയിട്ടുണ്ട്.
സംസ്ഥാന ശുചിത്വ മിഷന്‍ മഴക്കാല പൂര്‍വ്വ രോഗ പ്രതിരോധത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡിലേക്കും അനുവദിച്ച 10000 രൂപയുടെ പ്രവര്‍ത്തികളും ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയിട്ടില്ല. അധികൃതരോട് ബന്ധപ്പെടുമ്പോള്‍ വാര്‍ഡുകളില്‍ നടക്കുന്നുണ്ടെന്നാണ് സെക്രട്ടറി നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."