ക്ലാസുകളില്‍ കാമറാകെണി; വിദ്യാര്‍ഥിനികള്‍ ആശങ്കയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് വ്യാപകമാകുന്നു. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കാമറകള്‍ സ്ഥാപിക്കുന്നതില്‍ വിദ്യാര്‍ഥിനികളും അധ്യാപികമാരും ആശങ്കയിലാണ്.
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ റൂമുകളിലേക്ക് നേരിട്ട് ഘടിപ്പിച്ചിരിക്കുന്ന കാമറകളിലൂടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് അധ്യാപികമാരും വിദ്യാര്‍ഥിനികളും. സംസ്ഥാനത്തൊട്ടാകെ നിരവധി സ്‌കൂളുകളാണ് സി.സി.ടി.വി സ്ഥാപിക്കുന്നതില്‍ മത്സരിക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളിലും വരാന്തകളിലും കൂടാതെ ക്ലാസ് മുറികളിലും കാമറകള്‍ സ്ഥാപിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.
കൊല്ലം ജില്ലയിലെ ഇടമണ്‍ വി.എച്ച്.എസ്.എസ്, പത്തനംതിട്ടയിലെ തെങ്ങമം ഗവ. ഹൈസ്‌കൂള്‍, പള്ളിക്കല്‍ പി.യു.എം വി.എച്ച്.എസ്.എസ്, തിരുവനന്തപുരം ജില്ലയിലെ പെരുംപഴുതൂര്‍ ഗവ. ഹൈസ്‌കൂള്‍, നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്, കാഞ്ഞിരംകുളം പി.കെ.എസ് എച്ച്.എസ്.എസ്, അരുമാനൂര്‍ എം.വി.എച്ച്.എസ്.എസ് തുടങ്ങിയ സ്‌കൂളുകളില്‍ ക്ലാസ് മുറികളില്‍ സി.സി.ടി.വി സ്ഥാപിച്ചിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്‌കൂളുകളിലാണ് നൂറുകണക്കിന് കാമറകള്‍ സ്ഥാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് ശൗചാലയം പോലുമില്ലാത്ത അരുമാനൂര്‍ എം.വി.എച്ച്.എസ്.എസില്‍ നൂറു കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അടിസ്ഥാന സൗകര്യം പോലും ഒരുക്കാത്ത മാനേജ്‌മെന്റ് സ്‌കൂളുകള്‍ വന്‍തുക മുടക്കി കാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നടപടിക്കെതിരേ വിദ്യാര്‍ഥി-അധ്യാപക സംഘടനകള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആഴ്ചകളായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."