കണ്ണൂര്‍ ജില്ലയിലും തൃശൂരിലും എറണാകുളത്തും രണ്ടു താലൂക്കുകളിലും വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി: എം.ജി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം:കണ്ണൂര്‍: മഴ ശക്തമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച(നവംബര്‍ ഒന്ന്) കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും അറിയിപ്പില്‍ പറഞ്ഞു.
തീരദേശത്ത് കടല്‍ക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി, കണയന്നൂര്‍ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 1-ാം തീയതി അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും, രൂക്ഷമായ കടലാക്രമണത്തിന്റെയും അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എം.ജി സര്‍വകലാശാല (നവംബര്‍ ഒന്ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലാ പിആര്‍ഒ അറിയിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ക്ലാസ് മുറികളിലുള്ള കുട്ടികളെ അടിയന്തരമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിര്‍ദേശം നല്‍കി. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ വീടുകളിലേക്ക് വിട്ട്, എത്തിയെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് (31.10.2019) നടക്കാനിരുന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ ഫുട്ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. ഈ മത്സരങ്ങള്‍ നവംബര്‍ 4-ന് നടക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
പൊന്നാനിയില്‍ ഒരു സ്‌കൂളിലടക്കം രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 150 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. പൊന്നാനി എം.ഐ സ്‌കൂളിലും വെളിയങ്കോടുമാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്.
'ക്യാര്‍' ചുഴലിക്കാറ്റിന് പിന്നാലെ 'മഹ' ചുഴലിക്കാറ്റ് കൂടി എത്തിയതോടെയാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമായത്. അടുത്ത രണ്ട് ദിവസം കൂടി വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് ജില്ലകളില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."