മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് കോടതി സ്റ്റേ
മാനന്തവാടി: നാളെ നടത്താനിരുന്ന മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വൈവാര്‍ഷിക ഭരണസമിതി തെരഞ്ഞെടുപ്പിന് കോടതിയുടെ സ്‌റ്റേ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ അപാകതകളുണ്ടെന്നും പരാതി നല്‍കിയിട്ടും പരിഹരിച്ചില്ലെന്നും കാണിച്ച് ഭരണപക്ഷത്തിനെതിരേ എതിര്‍പക്ഷം ബത്തേരി സബ്‌കോടതിയില്‍ ഫയല്‍ ചെയ്ത അന്യായത്തിലാണ് കോടതി വിധി.
വോട്ടര്‍ പട്ടികയില്‍ നിരവധി അപാകത ഉള്ളതായും പലതവണ പരാതി നല്‍കിയിട്ടും ജില്ലാ കമ്മിറ്റി പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെന്നും ആരോപിച്ചാണ് ഭരണപക്ഷത്തിനെതിരേ എതിര്‍പക്ഷം ബത്തേരി സബ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്.
കഴിഞ്ഞ മെയ് 24-നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 20 ദിവസം മുന്‍പ് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന എതിര്‍ വിഭാഗത്തെ മത്സരാര്‍ഥി കെ മുഹമ്മദ് ആസിഫിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുകയായിരുന്നു. കോടതി നിശ്ചയിക്കുന്ന നിരീക്ഷകന്റെ നിയന്ത്രണത്തിലും മേല്‍ നോട്ടത്തിലും നിഷ്പക്ഷമായിരിക്കണം ഇനി തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നാണ് പരാതിക്കാരുടെ ആവശ്യം.
കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ആറ് തവണ ബാലറ്റ് തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 18 വര്‍ഷവും കെ ഉസ്മാനായിരുന്നു പ്രസിഡന്റ്. ഇദ്ദേഹം തന്നെയാണ് ഇത്തവണയും ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ഥി.
കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ കെ മുഹമ്മദ് ആസിഫ് ആണ് എതിര്‍പക്ഷ സ്ഥാനാര്‍ഥി. 1030 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂലൈ ഒന്നിനാണ് ജില്ലാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ ജില്ലാ, സംസ്ഥാന തെരഞ്ഞടുപ്പുകളും തിരുവനന്തപുരം മുന്‍സിഫ് കോടതി തടഞ്ഞിരിക്കുകയാണ്.
ടി നസിറുദ്ദീന്‍ സംസ്ഥാനത്തൊരിടത്തും വ്യാപാരി വ്യവസായി എകോപന സമതി ഭാരവാഹിയെന്ന നിലയില്‍ സംഘടനയുടെ ഓഫിസില്‍ പ്രവേശിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇതോടെ ജൂലൈ ഒന്നിന് ജില്ലയില്‍ നടക്കേണ്ട തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."