സിറിയന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം: നിരീക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം
ഡമസ്കസ്: സിറിയന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. അതിര്‍ത്തിയിലെ ചില ഗ്രാമങ്ങള്‍ തുര്‍ക്കി പിന്തുണയുള്ള സൈന്യം പിടിച്ചെടുത്തതോടെയാണ് ഇന്നലെ തുര്‍ക്കി-സിറിയന്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
അതിര്‍ത്തിപ്രദേശമായ റാസ് അല്‍ഐനിലും പരിസരപ്രദേശങ്ങളിലുമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
നേരത്തെ തുര്‍ക്കി പിന്തുണയുള്ള റിബലുകള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റുമുട്ടലുകളെന്നാണ് സൂചന. ഏറ്റുമുട്ടല്‍ നടക്കുന്ന റാസ് അല്‍ഐന്‍, തല്‍ തമാര്‍ പ്രവിശ്യകളില്‍നിന്ന് ആയിരക്കണക്കിനു പേര് പലായനം ചെയ്തതായാണ് വിവരം. തുര്‍ക്കിയുടെ പിന്തുണയുള്ള റിബലുകളായ സിറിയന്‍ നാഷനല്‍ ആര്‍മി റാസ് അല്‍ഐനിലും പരിസരത്തുമായി അധികാരം സ്ഥാപിച്ചിരുന്നു. നേരത്തെ ഈ പ്രദേശങ്ങള്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലായിരുന്നു.
അതേസമയം, ഇന്നലെ സിറിയയിലെ അഫ്റിനിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ പത്തോളം പേര് കൊല്ലപ്പെടുകയും 30ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശം നിലവില്‍ റിബലുകളുടെ നിയന്ത്രണത്തിലാണ്.
അതേ സമയം സിറിയയും തുര്‍ക്കിയും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ നിരീക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം. സിറിയയില്‍നിന്നു പിന്മാറിയശേഷം കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സൈന്യം അതിര്‍ത്തിപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനെത്തിയത്.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ അമേരിക്കന്‍ സൈന്യം പട്രോളിങ് നടത്തുന്നതോടൊപ്പം സൈന്യത്തിന്റെ സന്നാഹങ്ങള്‍ ഇവിടങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്. അമേരിക്കയുടെ പതാക കെട്ടിയ സൈനിക വാഹനങ്ങള്‍ പ്രദേശം നിരീക്ഷിക്കുന്നതു കുര്‍ദുകള്‍ക്കു സഹായകമാകുന്നതോടൊപ്പം തുര്‍ക്കിക്കു വെല്ലുവിളിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."