ഗതാഗതക്കുരുക്കിലമര്‍ന്ന് സിഗ്നല്‍ സംവിധാനങ്ങളിലാത്ത റോബിന്‍സണ്‍ റോഡ്
പാലക്കാട്: നഗരത്തിലെ പ്രധാന തിരക്കേറിയ കവലയായ റോബിന്‍സണ്‍ റോഡ് ജില്ലാശുപത്രി ജങ്ഷനില്‍ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തത് വാഹനഗതാഗത ദുരിതം തീര്‍ക്കുന്നു. രാപകലന്യേ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന കവലയില്‍ പകല്‍ സമയത്ത് പൊലിസിന്റെ സഹായമുണ്ടെങ്കിലും പലപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ പാടുപ്പെടേണ്ടിവരും. അഞ്ചുവിളക്കു ഭാഗത്തുനിന്നും സുല്‍ത്താന്‍പേട്ട പാളയപേട്ട ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ റോബിന്‍സണ്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നതും റോബിന്‍സണ്‍ റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ജില്ലാശുപത്രി കോര്‍ട്ട് റോഡിലേയ്ക്ക് തിരിയുന്നതും പലപ്പോഴും ഗതാഗതക്കുരുക്കില്‍പെട്ടാണ്. ആംബുലന്‍സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായിട്ടും ഇവിടെ സിഗ്നല്‍ സ്ഥാപിക്കല്‍ കടലാസില്‍ മാത്രമാണ്. സുല്‍ത്താന്‍പേട്ടമുതല്‍ ജില്ലാശുപത്രി വരെയുള്ള റോഡില്‍ ചിലയിടത്തെ കവലകളില്‍ സിഗ്നല്‍ സംവിധാനങ്ങളുണ്ടെങ്കിലും തിരക്കേറിയ രണ്ടുകവലകളില്‍ മാത്രം സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ല.
നിരവധി വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളുമുള്ള കവലയില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്നതിന് കാലങ്ങളുടെ പഴക്കമുണ്ട്. ഗതാഗതനിയന്ത്രണത്തിനായി ഇവിടെ ഡിവൈസറുകള്‍ സ്ഥാപിച്ചെങ്കിലും ഇത് കൂടുതല്‍ ഗതാഗതക്കുരുക്കിനു കാരണമാവുകയാണ്. മിഷന്‍ സ്‌കൂള്‍, കന്നാറ തെരുവ്, ടൗണ്‍സ്റ്റാന്റ് എന്നിവടങ്ങളില്‍ നിന്നുള്ള ചെറുകിട വാഹനങ്ങള്‍ കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്നതും ഇതുവഴിയാണ്. സന്ധ്യ മയങ്ങിയാല്‍ മാര്‍ക്കറ്റ് ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങളും സുല്‍ത്താന്‍പേട്ട, കോട്ടമൈതാനം ഭാഗത്തേയ്ക്കു വരുന്നതും ഇതുവഴിയാണ്.
റോബിന്‍സണ്‍ റോഡ് ജങ്ഷനു മുന്നിലായിട്ടാണ് ജില്ലാശുപത്രിയുടെ പുതിയ ഗേറ്റ് സ്ഥാപിക്കുന്നത്. ഇത്രയേറെ വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന കവലയായ റോബിന്‍സണ്‍ റോഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്നാവശ്യവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."