കണ്ണിയംപുറം ആയുര്‍വേദ ആശുപത്രി വിപുലീകരണം ഡിസംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകും
ഒറ്റപ്പാലം: മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം കണ്ണിയംപുറം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകുമെന്ന് പി. ഉണ്ണി എം.എല്‍.എ അറിയിച്ചു.
15 രോഗികളെ ചികിത്സിക്കാവുന്ന പ്രത്യേക പുരുഷ വാര്‍ഡും പുതിയ ഒ.പി ബ്ലോക്കും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ആയുര്‍വേദ വകുപ്പിന്റെ 40 ലക്ഷം രൂപയും പി. ഉണ്ണി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 90 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ആശുപത്രി സന്ദര്‍ശിച്ച പി. ഉണ്ണി എം.എല്‍.എ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ 25 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇരുന്നൂറിലധികം രോഗികള്‍ ദിവസവും ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. ഡോക്ടര്‍മാര്‍ക്കുള്ള മുറി, ചികിത്സതേടിയെത്തുന്ന രോഗികള്‍ക്ക് ഇരിപ്പിട സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയ ഒ.പി ബ്ലോക്കില്‍ ഉണ്ടാകും. പുരുഷ വാര്‍ഡില്‍ ടൈല്‍സ് വിരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ആശുപത്രിക്ക് ചുറ്റുമതില്‍ കെട്ടുക, മുറ്റം ടൈല്‍സ് വിരിക്കുക, പൂന്തോട്ടം നിര്‍മാണം എന്നിവയ്ക്കായി 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണ് പുതിയ മെയില്‍ വാര്‍ഡ് പൂര്‍ത്തിയാക്കുന്നത്. നടുവേദന, മുട്ടുവേദന, വിവിധതരം വാതങ്ങള്‍, പൈല്‍സ്, ഉളുക്ക്, അപകടങ്ങളില്‍ അസ്ഥികള്‍ക്കുണ്ടാകുന്ന പൊട്ടല്‍ എന്നിവയ്ക്ക് ചികിത്സ തേടിയാണ് വിവിധ പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും ഇവിടെ എത്തുന്നത്. വരും മാസങ്ങളില്‍ കിടത്തി ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ബുക്കിങ് ഇപ്പോഴെ പൂര്‍ത്തിയായിട്ടുണ്ട്.
പുതിയ പുരുഷ വാര്‍ഡ് പൂര്‍ത്തിയാകുന്നതോടെ നാല്‍പതോളം പേര്‍ക്ക് കിടത്തി ചികിത്സയോടെയുള്ള സൗകര്യം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മികച്ച പഞ്ചകര്‍മ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന ഇവിടെ നാലു ഡോക്ടര്‍മാരാണ് ചികിത്സ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."