ലഡാക്കും ജമ്മുകശ്മിരും കേന്ദ്രഭരണ പ്രദേശങ്ങളായി രണ്ടിടത്തും പുതിയ ലെഫ്.ഗവര്‍ണര്‍മാര്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ജമ്മുകശ്മിര്‍ സംസ്ഥാനം ലഡാക്ക്, ജമ്മുകശ്മിര്‍ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മാറി. പിന്നാലെ ഇന്നലെ ജമ്മു കശ്മിര്‍ ലെഫ്.ഗവര്‍ണറായി ജി.സി മുര്‍മുവും ലഡാക്ക് ലെഫ്.ഗവര്‍ണറായി ആര്‍.കെ മാഥൂറും സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കശ്മിര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ആദ്യം ലഡാക്കിലും പിന്നീട് ശ്രീനഗറിലുമെത്തി സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറയുകയും കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏഴില്‍നിന്ന് ഒന്‍പതായി കൂടുകയും ചെയ്തു.
പ്രത്യേക പദവി എടുത്തുകളഞ്ഞതിനൊപ്പം ജമ്മുകശ്മിരിനെ രണ്ടായി വിഭജിക്കുന്ന ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഓഗസ്റ്റ് അഞ്ചിനാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കുന്നതിനു ചുക്കാന്‍ പിടിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 144ാം ജന്മദിനമായ ഒക്ടോബര്‍ 31ന് സംസ്ഥാനം വിഭജിക്കപ്പെടുമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇതുപ്രകാരമാണ് ഇന്നലെ അര്‍ധരാത്രിയോടെ സംസ്ഥാനം രണ്ടായത്.
പാര്‍ലമെന്റ് പാസാക്കിയ ജമ്മു കശ്മിര്‍ പുനഃസംഘടനാ നിയമമനുസരിച്ച് ഭൂവിനിയോഗ അധികാരം കേന്ദ്രഭരണ പ്രദേശത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ നിയമ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താം. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഇടപെടാവുന്ന കണ്‍കറന്റ് ലിസ്റ്റിലുള്‍പ്പെടുന്ന വകുപ്പുകള്‍ക്കും ക്രമസമാധാനപാലനത്തിനും പൊലിസിനും ഇത് ബാധകമാകില്ല. ക്രമസമാധാന ചുമതല കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലാകും. ഐ.എ.എസ്, ഐ.പി.എസ്, ആന്റി കറപ്ഷന്‍ ബ്യൂറോ എന്നീ കേന്ദ്ര സര്‍വിസുകളുടെ ചുമതല ലെഫ്.ഗവര്‍ണര്‍ക്കായിരിക്കും. ജമ്മുകശ്മിരിന് നിയമസഭയുണ്ടാകും. ലഡാക്കിന് നിയമസഭയില്ല. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ ഇല്ലാതാക്കി കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുന്നത്.
അതേസമയം, ജമ്മുകശ്മിരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ തീരുമാനം തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് ചൈന ആരോപിച്ചു. ജമ്മുകശ്മിരും ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കുമ്പോള്‍ ചൈനയുടെ അധികാര പരിധിയിലുള്ള ചില സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും ഇത് തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് അഭിപ്രായപ്പെട്ടു. എന്നാല്‍, പന്നാലെ ചൈനക്ക് ഇന്ത്യ മറുപടി നല്‍കി. കശ്മിര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ ചൈന ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."