പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ഇരട്ട ജീവപര്യന്തം
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പത്തനംതിട്ട തണ്ണിത്തോട് തോസലാടിയില്‍ ഷിബു (33) വിനെയാണ് തൊടുപുഴ പോക്‌സോ കോടതി ജഡ്ജി വി.അനില്‍കുമാര്‍ ശിക്ഷിച്ചത്.
2014 ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പ്രതി യാതൊരു ശിക്ഷാ ഇളവിനും അര്‍ഹനല്ലെന്നും അതിനാല്‍ ഇരട്ട ജീവപര്യന്തവും പിഴയും വിധിക്കുന്നതായും വിധിന്യായത്തിലുണ്ട്. പിഴയടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. ഈടാക്കുന്ന മുഴുവന്‍ തുകയും നഷ്ടപരിഹാരമായി ഇരക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.പ്രതിക്ക് കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പ് ഉണ്ടാകുമെന്നും സമൂഹത്തിന് കോടതിയിന്മേലുള്ള വിശ്വാസത്തിന് കോട്ടം വരുമെന്നും ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
തൊടുപുഴ: ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബന്ധുവായ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുങ്കണ്ടം കോമ്പയാര്‍ കമലാലയം വീട്ടില്‍ ഉല്ലാസി (53) നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി വി.അനില്‍കുമാര്‍ ശിക്ഷിച്ചത്.
2013 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.പ്രതി യാതൊരു ശിക്ഷാ ഇളവിനും അര്‍ഹനല്ലെന്ന് നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ നല്‍കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും വിധിച്ചു. പിഴയായി ഈടാക്കുന്ന തുക നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവുണ്ട്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.ബി വാഹിദ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."